മലപ്പുറം: ദേശീയ തലത്തിൽ നടത്തിയ മെംബർഷിപ്പ് കാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപവത്കരണവും പൂർത്തിയാക്കിയ ശേഷം മുസ്‍ലിം ലീഗ് ദേശീയ കൗൺസിൽ യോഗം മേയ് 15 ന് ചെന്നൈയിൽ അബൂ പാലസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പാർട്ടി സംഘടനാ ചരിത്രത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഓൺലൈനായിട്ടാണ് നടന്നത്. കേരളത്തിലേതു പോലെ വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി ചേർത്ത് നടത്തിയ കാമ്പയിൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം വലിയ പ്രതികരണമാണ് സൃഷ്ടിച്ചത് എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മെംബർഷിപ്പ് പൂർത്തിയാക്കി ജില്ലാ കൗൺസിലുകളും സംസ്ഥാന കൗൺസിലുകളും വ്യവസ്ഥാപിതമായി ചേർന്ന് കമ്മിറ്റികൾ നിലവിൽ വന്ന ശേഷമാണ് ചെന്നൈ ദേശീയ കൗൺസിൽ നടക്കുന്നത്. പുതിയ ദേശീയ നേതൃത്വത്തെ കൗൺസിൽ തെരഞ്ഞെടുക്കും. കേരളം, തമിഴ് നാട്, ഡൽഹി, യു. പി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കമ്മിറ്റികൾ രൂപവത്കരിച്ച് മെംബർഷിപ്പ് പ്രവർത്തനത്തിനു ശേഷം പ്രതിനിധികൾ പങ്കെടുക്കുന്നു എന്നത് മുസ്ലിം ലീഗ് ചരിത്രത്തിലെ പുതിയ നാഴികക്കല്ലാണ്.
ഇന്ത്യയിൽ നിലനിൽക്കുന്ന ഫാഷിസ്റ്റ് വാഴ്ചക്കെതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടത്തിൽ ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷ-ദലിത്-പിന്നോക്ക ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനുള ശക്തമായ രാഷ്ട്രീയ പ്രചാരണ പരിപാടികൾക്ക് കൗൺസിൽ രൂപം നൽകും. പാർട്ടി ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷത വഹിക്കുന്ന നാഷനൽ കൗൺസിൽ ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
നിലവിലെ കമ്മിറ്റിയുടെ കാലയളവിൽ സംഭവ ബഹുലമായ നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ സാധിച്ചിട്ടുണ്ട് എന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. അഞ്ച് എം.പി മാരെ പാർലമെന്റിലെത്തിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഇരു സഭകളിലും എം. പി മാർക്ക് ശ്രദ്ധേയമായ പോരാട്ടം നടത്തുവാൻ കഴിഞ്ഞു.
പാർട്ടി പ്ലാറ്റിനം ജൂബിലി ചെന്നൈയിൽ വൻ ജനാവലിയെ പങ്കെടുപ്പിച്ച് നടത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്ലാറ്റിനം ജൂബിലി. സമ്മേളനത്തിൽ നടത്തിയ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ഡൽഹിയിൽ മുസ്‌ലിം ലീഗിന് ഖാഇദെ മില്ലത്തിന്റെ പേരിൽ ദേശീയ ആസ്ഥാന മന്ദിരം നിർമ്മിക്കുമെന്നത്. അത് യാഥാർഥ്യമായി. പൗരത്വ ബില്ല്, വഖഫ് ബില്ല് വിഷയങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്താൻ കഴിഞ്ഞു. ദേശീയ തലത്തിൽ യുവജന, വിദ്യാർഥി, വനിതാ, തൊഴിലാളി പോഷക ഘടകങ്ങൾ രൂപവത്കരിച്ചു .ഇന്ത്യയിലെ ഒട്ടു മിക്ക കാമ്പസുകളിലും എം.എസ്.എഫ് സാന്നിധ്യമറിയിച്ചു. രാജ്യത്തെ പീഡിത ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളിൽ യൂത്തലീഗ് ദേശീയ തലത്തിൽ നടത്തിയ ഇടപെടലുകൾ എടുത്തുപറയത്തക്കതാണ്. ന്യൂനപക്ഷ ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ദേശീയ തലത്തിൽ മുസ്‌ലിം ലീഗും പോഷക ഘടകങ്ങളും കെ.എം.സി.സിയും നടത്തിയിട്ടുള്ള വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തങ്ങൾ വലിയ രീതിയിൽ അടയാളപ്പെടുത്തി.
മേയ് 14ന് ചേരുന്ന ദേശീയ സെക്രട്ടേറിയേറ്റ് പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മിറ്റികൾക്ക് അംഗീകാരം നൽകും. മെയ് 15 വ്യാഴാഴ്ച രാവിലെ 10.30 ന് ചേരുന്ന ദേശീയ കൗൺസിൽ മീറ്റ് ഉച്ചക്ക് 2 മണിയോടെ അവസാനിക്കും. ഭീകരതയടക്കം രാജ്യം നേരിടുന്ന വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന നിലപാടിന്റെ വെളിച്ചത്തിൽ മുസ്‌ലിം ലീഗിന്റെ ദേശീയ കൗൺസിൽ സമകാലിക പ്രസക്തമായ പ്രമേയങ്ങൾ അവതരിപ്പിക്കും. ഡൽഹിയിൽ യാഥാർഥ്യമായ ദേശീയ ആസ്ഥാനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ദേശീയ കൗൺസിൽ രൂപം നൽകുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.