കൊച്ചി: ആർത്തിരമ്പുന്ന അറബിക്കടൽ സാക്ഷി, മതം നോക്കി പൗരത്വം നിശ്ചയിക്കുന്ന ഭരണഘടന ധ്വംസനത്തിന് താക്കീതായി കൊച്ചിയിൽ മാനവിക ഐക്യത്തിെൻറ പെരുമ്പറ മുഴങ്ങി. അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂടത്തിന് മുന്നിൽ എതിർപ്പിെൻറ പ്രകമ്പനമായി നഗരവീഥികളിൽ ‘ആസാദി’ വിളികൾ അലയടിച്ചു. ജനലക്ഷങ്ങൾ മുഴക്കിയ മുദ്രാവാക്യങ്ങളിലൂടെ കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മഹാറാലി ചരിത്രത്താളുകളിൽ അടയാളപ്പെട്ടു.
മതത്തിന്‍റെ പേരിൽ പൗരന്മാരെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലി കൊച്ചി നഗരത്തെ ജനസാഗരമാക്കി. ‘ഞങ്ങളും ഈ നാടിെൻറ മക്കളാണെന്നും മരണംവരെ ഈ മണ്ണ് വിട്ടുപോകില്ലെന്നും’ പ്രഖ്യാപിച്ച് ഒഴുകിയ ജനലക്ഷങ്ങൾ പകൽച്ചൂടിനെ വെല്ലുന്ന ആവേ ശമാണ് പ്രകടിപ്പിച്ചത്.
ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റിയാണ് മഹാറാലിയും മറൈൻ ഡ്രൈവിൽ സമരപ്രഖ്യാപന സമ്മേളനവും സംഘടിപ്പിച്ചത്. വിവിധ ജില്ലകളിലെ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറുകണക്കിന് വാഹനങ്ങളിലായി എത്തിയ സമരഭടന്മാർ കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേന്ദ്രീകരിച്ചശേഷം മൂന്ന് മണിയോടെ മഹാറാലിയായി മറൈന്‍ ഡ്രൈവിലേക്ക് നീങ്ങി.
നഗരവീഥി നിറഞ്ഞൊഴുകിയ മഹാറാലിക്ക് അഭിവാദ്യമർപ്പിച്ച് റോഡിെൻറ ഇരുവശത്തും സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിലും പതിനായിരങ്ങൾ നിലയുറപ്പിച്ചു. നൂറുകണക്കിന് വളൻറിയർമാർ കൈകോർത്തുപിടിച്ച് റാലി നിയന്ത്രിച്ചു. റാലി തുടങ്ങുമ്പോഴും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഒഴുകിക്കൊണ്ടിരുന്നു. വൈകീട്ട് ആറിന് മറൈൻ ഡ്രൈവിൽ പൊതുസമ്മേളനം തുടങ്ങുമ്പോഴും റാലിയുടെ വലിയൊരുഭാഗം കലൂരിൽനിന്ന് പുറപ്പെട്ടിരുന്നില്ല. രാത്രി വൈകുവോളം ആ ഒഴുക്ക് തുടർന്നു.
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികക്കും എതിരായ മുദ്രാവാക്യങ്ങൾക്ക് ഒപ്പം നിലപാടും പ്രതിഷേധവും വ്യക്തമാക്കുന്ന പ്ലക്കാർഡുകളും ജനം കൈകളിലേന്തി. ‘നോ സി.എ.എ, നോ എൻ.ആർ.സി’ എന്നെഴുതിയ തൊപ്പി ധരിച്ച് അണിചേർന്നവർ നഗരം ശുഭ്രസാഗരമാക്കി. ‘പിറന്ന മണ്ണിന് ആസാദി’ എന്ന മുദ്രാവാക്യം മുഴങ്ങിയപ്പോൾ മതേതര സമൂഹവും അത് ഏറ്റുചൊല്ലി. ജാതിമത വ്യത്യാസമില്ലാതെ നിരവധിപേർ റാലിയിൽ പങ്കെടുത്തു.
മറൈൻഡ്രൈവിൽ സമരപ്രഖ്യാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ടി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.