കേരളത്തിൽ കാലവർഷമെത്തി: അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാധാരണയായി ജൂൺ ഒന്നിന് ആരംഭിക്കാറുള്ള കാലവർഷം ഇത്തവണ മൂന്ന് ദിവസം വൈകിയാണ് എത്തിയത്. വ്യാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ഔദ്യോഗികമായി ആരംഭിച്ചതായാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

കേരളത്തിനും മാഹിക്കും പുറമെ ലക്ഷദ്വീപ് മുഴുവനായും, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം മേഖലകളിലേക്കും കാലവർഷം വ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമായി.

കാലവർഷത്തിന്റെ വരവോടെ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിച്ചു. കർണാടക, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങൾ, കന്യാകുമാരി മേഖലയുടെ ശേഷിക്കുന്ന ഭാഗങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും കാലവർഷം എത്തിയിട്ടുണ്ട്.

അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഗോവ, മഹാരാഷ്ട്രയുടെയും ആന്ധ്രാപ്രദേശിന്റെയും ചില ഭാഗങ്ങൾ, കർണാടകയുടെ കൂടുതൽ പ്രദേശങ്ങൾ, തമിഴ്‌നാടിന്റെ ബാക്കി ഭാഗങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ മധ്യ-വടക്കുകിഴക്കൻ മേഖലകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അന്തരീക്ഷ സ്ഥിതി ഇങ്ങനെ

കഴിഞ്ഞ രണ്ട് ദിവസങ്ങളായി അന്തരീക്ഷത്തിലുണ്ടായ അനുകൂല മാറ്റങ്ങൾ കണക്കിലെടുത്താണ് കാലവർഷ പ്രഖ്യാപനം നടത്തിയത്. തെക്കുകിഴക്കൻ അറബിക്കടലിൽ കാർമേഘങ്ങളുടെ സാന്നിധ്യം ശക്തമായി വർധിച്ചു. തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ പടിഞ്ഞാറൻ കാറ്റിന്റെ വ്യാപ്തി സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരം വരെ എത്തി. അന്തരീക്ഷത്തിന്റെ താഴ്ന്ന തട്ടുകളിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗത 20 മുതൽ 25 നോട്ട്സ് വരെയായും ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലുടനീളം വ്യാപകമായ മഴയും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - Monsoon Arrives in Kerala, Orange Alert in 5 Districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.