തദ്ദേശ ഉപതെരഞ്ഞെടുപ്പ് നാളെ; അഞ്ചിടത്തും ഇഞ്ചോടിച്ച് പോരാട്ടം

തിരുവനന്തപുരം: ജില്ല പഞ്ചായത്തിന് കീഴിൽ അഞ്ച് തദ്ദേശ സ്ഥ‌ാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് ഇനി ഒരുനാൾ ശേഷിക്കെ അഞ്ചിടത്തും ഇഞ്ചോടിഞ്ച് പോരാട്ടം. ജില്ല പഞ്ചായത്തിലെ കല്ലറ ഡിവിഷൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ, വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ, മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡ്, തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡ് എന്നിവിടങ്ങളിലാണ് പോരാട്ടം. തിങ്കളാഴ്ച രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും.

വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് പൂർത്തിയായി. പോളിങ് ഉദ്യോഗസ്ഥർക്കുള്ള വോട്ടിങ് മെഷീനുകളും മറ്റു സാമഗ്രികളും ഞായറാഴ്ച രാവിലെ 10.30ന് വിതരണം ചെയ്യും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസം അവധിയായിരിക്കും.

കല്ലറ ഡിവിഷനിൽ അമിതിലക് (യു.ഡി.എഫ്), മാലിക് മാങ്കോട് (എൽ.ഡി.എഫ്), പി.ടി. രാജേഷ് (എൻ.ഡി.എ), ശശി ആർ. ചേരമൻ (സ്വത) എന്നിവരാണ് മത്സരരംഗത്ത്. പാങ്ങോട്, കല്ലറ, വാമനപുരം പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും നെല്ലനാട് പഞ്ചായത്തിലെ നെല്ലനാട് വാർഡും ചേർന്നതാണ് കല്ലറ ഡിവിഷൻ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ സുധീർഷാ പാലോട് 5,683 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. സുധീർഷാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അംഗത്വം രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്.

അഞ്ചുതെങ്ങ് പഞ്ചായത്തിലെ ആറുവാർഡുകളും ചിറയിൻകീഴ് പഞ്ചായത്തിലെ രണ്ടുവാർഡുകളും ഉൾപ്പെടുന്ന തീരദേശ ഡിവിഷനാണ് അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷൻ. യു.ഡി.എഫിന്‍റെ ബി.എസ്. അനൂപ് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. ഡിവിഷൻ പട്ടികജാതി സംവരണമാണ്. യു.ഡി.എഫിനായി മഹിളാ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്‍റ് ഷബിത ബിജു, എൽ.ഡി.എഫിനായി എസ്. ബിജിമോൾ, ബി.ജെ.പിക്കായി ചന്തു ചന്ദ്രൻ എന്നിവർ മത്സരിക്കുന്നു.

ഒറ്റൂരിൽ ത്രികോണ മത്സരമെന്ന് ഒറ്റവാക്കിൽ പറയാം. സി.പി.എമ്മിലെ സ്മിത സുന്ദരേശൻ രാജിവച്ചതിനെ തുടർന്നാണ് ഒറ്റൂർ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ്. എൽ.ഡി.എഫിനായി ഒറ്റൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.ബീന, യു.ഡി.എഫിനായി എം. റീജ, എൻ.ഡി.എക്കായി ആർ.ഷൈല എന്നിവർ മത്സരിക്കുന്നു.

മുണ്ടക്കലിലും നിർണായകമാണ് ജനവിധി. മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡിൽ അജന്ത ഷിജി (യു.ഡി.എഫ്), രമ്യ വി.തുളസി (എൽ.ഡി.എഫ്), ദിവ്യ ദിവാകരൻ (ബി.ജെ.പി) എന്നിവർ മത്സരിക്കുന്നു. കോൺഗ്രസ് അംഗം എസ്.ആർ.കവിത സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. 22 അംഗ പഞ്ചായത്തിൽ മൂന്നു മുന്നണികൾക്കും ഏഴുവീതം സീറ്റുകളുള്ള സാഹചര്യത്തിൽ, കോൺഗ്രസ് വിമതനായി വിജയിച്ച ശ്രീചന്ദിന്റെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നടത്തുന്നത്. ബി.ജെ.പി മുണ്ടക്കൽ പിടിച്ചാൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും എട്ടുവീതം സീറ്റായി തുല്യനിലയിലാകും. അതിനാൽ വാർഡ് ഫലം പഞ്ചായത്ത് ഭരണത്തിലും പ്രതിഫലിക്കും.

നെയ്യാറ്റിൻകര, തിരുപുറം പഞ്ചായത്തിലെ പഴ കട വാർഡിൽ യു.ഡി.എഫിനായി സി.എസ്. സുനിൽ, എൽ.ഡി.എഫിനായി ജെ.എസ്. അജികുമാർ, എൻ.ഡി.എക്കായി എസ്. വിജയകുമാർ എന്നിവർ മത്സരിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫിലെ ഡി. സുരേഷ് കുമാറിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ രണ്ടുതവണ എൽ.ഡി.എഫ് ഭരിച്ച പഞ്ചായത്തിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ ഭരണം തിരിച്ചുപിടിച്ചിരുന്നു. 15 വാർഡുകളിൽ 11ലും യു.ഡി.എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്.

Tags:    
News Summary - Local Body ByElections Tomorrow: Tight Fight in Five Seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.