'ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം'; കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒന്നാം തീയതിക്ക് മുൻപേ ശമ്പളം നൽകിയെന്ന് മന്ത്രി, ഫെസ്റ്റിവൽ അലവൻസും ബോണസും നാളെ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസവും ഒന്നാം തിയതിക്ക് മുൻപേ (ആഗസ്റ്റ് 31ന്) ശമ്പളം നൽകിയെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ശമ്പളം അകൗണ്ടിലെത്തിയെന്നും ഫെസ്റ്റിവൽ അലവൻസും ബോണസും നാളെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞത്.

'പ്രിയപ്പെട്ട കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്നേ (ആഗസ്റ്റ് 31 നു) ശമ്പളം അവരവരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്.. ജീവനക്കാർക്ക് ഞാൻ വാക്ക് നൽകിയ ഫെസ്റ്റിവൽ അലവൻസും ബോണസും നാളെ വിതരണം ചെയ്യും... ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം... ആഘോഷിക്കൂ, കെ.എസ്.ആർ.ടി.സിക്കൊപ്പം' എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

എല്ലാമാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒരുമാസം 50 കോടിയോളം രൂപ ശമ്പളത്തിനായി കെ.എസ്.ആര്‍.സി.ക്ക് സഹായം നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ ഈ സാമ്പത്തിക സഹായം നിലനിര്‍ത്തിക്കൊണ്ടാണ് ഇനിമുതല്‍ എല്ലാമാസവും ഒന്നാം തീയതി ശമ്പളം കൊടുക്കുന്നതെന്നും അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.

79.67 കോടി രൂപയാണ് ഇന്ന് ശമ്പളയിനത്തില്‍ നല്‍കുന്നത്. എസ്.ബി.ഐ.യുമായി ചേര്‍ന്ന് നൂറുകോടിയുടെ ഓവര്‍ഡ്രാഫ്‌റ്റെടുത്താണ് ഇത് നടപ്പാക്കുന്നത്. സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ ഇത് തിരിച്ചടയ്ക്കും. ഇത് ചെറിയ മാനേജ്‌മെന്റ് ടെക്‌നിക് ആണെന്നും കെ.എസ്.ആര്‍.ടി.സി.യുടെ മുഴുവന്‍ കളക്ഷനും എസ്.ബി.ഐക്ക് നല്‍കുമെന്നും അങ്ങനെ കുറച്ച് പലിശ വരുന്നരീതിയില്‍ ഇത് കൈകാര്യംചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.


Full View



Tags:    
News Summary - Minister Ganesh Kumar says KSRTC employees were paid salaries before the first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.