തിരുവനന്തപുരം: ലയണൽ മെസ്സിയുടെ കേരള സന്ദർശന വിവാദത്തിൽ റിപ്പോർട്ടർ ചാനൽ എം.ഡി.യുടെ വെല്ലുവിളിക്ക് മറുപടിയുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. മത്സരം നടത്തി ഇനാം പ്രഖ്യാപിക്കാൻ ഇത് റിയാലിറ്റി ഷോയുടെ വിഷയമല്ലെന്നും, രാഷ്ട്രീയ നേതൃത്വമോ ഭരണ നേതൃത്വമോ ഇതിന് മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി
മെസ്സി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന് ചാനൽ എം.ഡി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥകൾക്ക് അനുസൃതമായാണ് ഈ വിഷയത്തിൽ തീരുമാനമുണ്ടാകേണ്ടതെന്നും, അത് ആ വഴിക്ക് തന്നെ പോകേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് മറ്റ് മാധ്യമങ്ങളോട് പറഞ്ഞ കാര്യമാണെന്നും ഇതിൽ ഭരണ നേതൃത്വം ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ സമാന്തര സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചതിനെയും മന്ത്രി വിമർശിച്ചു. ജില്ലാതല ഔദ്യോഗിക ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് തേക്കിൻകാട് മൈതാനത്ത് ബി.ജെ.പി വന്ദേമാതരം മുഴുവൻ ചൊല്ലി തങ്ങളുടെ പ്രതിഷേധമെന്ന പേരിൽ സമാന്തര പരിപാടി നടത്തിയത്.
സ്വാതന്ത്ര്യദിനത്തിൽ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കുന്നത് ആ ദിനത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വലിയ അധ്വാനത്തിന്റെ പങ്കില്ലാത്തതുകൊണ്ട് കൂടി ആയിരിക്കാം ബി.ജെ.പിക്ക് ഇത് പ്രതിഷേധ ദിനമായി തോന്നുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. വന്ദേമാതരം അവിടെ മുഴുവനായി ആലപിച്ചതിൽ തെറ്റില്ലെന്നും, എന്നാൽ അത് തെറ്റിക്കാതെ ആലപിക്കാൻ അവർ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബി.ജെ.പി നടത്തിയ ഈ സമാന്തര പ്രവർത്തനം സ്വാതന്ത്ര്യദിനത്തെ അപമാനിക്കുന്നതിന് തുല്യമായ ഒന്നാണെന്നും അത് വളരെ മോശമായിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടലംഘനവും (ഫെമ) കള്ളപ്പണ വെളുപ്പിക്കലും നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
മെസ്സിയെയും അർജന്റീന ടീമിനെയും എത്തിക്കുന്നതിനായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കൈമാറിയതായി അന്വേഷണ റിപ്പോർട്ടുകളിൽ വ്യക്തമായിരുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് പണം അയച്ചതെന്ന് സ്പോൺസർ അവകാശപ്പെടുന്നുണ്ടെങ്കിലും, വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടത്തിലും കൈമാറ്റത്തിലും ചട്ടലംഘനമുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. പരിശോധനയിൽ വ്യക്തത വരുന്ന മുറയ്ക്ക് ഫെമ നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം.
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി തയാറാക്കി നൽകിയ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തെലുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി ഇപ്പോൾ വിവരശേഖരണം നടത്തുന്നത്. വിദേശ പണമിടപാടുകൾ, സാമ്പത്തിക ക്രമക്കേടുകൾ, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് കായിക വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. കായിക വകുപ്പിന്റെ ഈ റിപ്പോർട്ട് ഇ.ഡി ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും. വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങൾ ആദായനികുതി വകുപ്പിന്റെ പരിധിയിൽ വരുന്നതാണെങ്കിലും ആ വശവും ഇ.ഡി പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.