തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ യു.ജി വിഭാഗം ഹോസ്റ്റലുകളിൽ രാത്രിയിൽ തിരികെ പ്രവേശിക്കേണ്ട സമയം രാത്രി 9.30 എന്നത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ബാധകമാക്കി ആരോഗ്യവകുപ്പ് ഉത്തരവ്. സമയക്രമം നേരത്തേയുണ്ടെങ്കിലും ഇക്കാര്യത്തിൽ വിവേചനമുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.
ഹോസ്റ്റൽ ഗേറ്റുകൾ രാത്രി 9.30 അടക്കും. 9.30ന് പ്രവേശിക്കണമെന്ന നിർദേശം ഒന്നാം വർഷ വിദ്യാർഥികൾക്ക് കർശനമായി ബാധകമാക്കും. മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായ രോഗീ പരിചരണവും മാനേജ്മെന്‍റും നിരീക്ഷിക്കാനും കേസുകൾ കണ്ട് മനസ്സിലാക്കാനും കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്ന വിദ്യാർഥികൾക്ക് ഉപാധികൾക്ക് വിധേയമായി ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉത്തരവിലെ നിർദേശങ്ങൾ:
- മെഡിക്കലും അനുബന്ധ യു.ജി കോഴ്സുകളിലെയും വിദ്യാർഥികളുടെ (ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും) ഹോസ്റ്റലുകൾ രാത്രി 9.30 അടക്കും.
- ഒന്നാം വർഷ വിദ്യാർഥികൾ തിരിച്ചെത്തേണ്ട സമയം രാത്രി 9.30 എന്നത് കർശനമായി നടപ്പാക്കും.
- ഏതെങ്കിലും ഒന്നാം വർഷ വിദ്യാർഥി 9.30നു ശേഷം ഹോസ്റ്റലിൽ തിരിച്ചെത്തുന്ന സാഹചര്യമുണ്ടെങ്കിൽ രക്ഷാകർത്താവിൽ നിന്ന് കുറിപ്പ് വാർഡന് സമർപ്പിക്കണം.
- രണ്ടാം വർഷം മുതൽ രാത്രി 9.30 നു ശേഷം പ്രവേശനം ആവശ്യപ്പെടുന്ന വിദ്യാർഥികൾ ഗേറ്റിൽ സെക്യൂരിറ്റിക്ക് ഐഡി കാർഡ് ഹാജരാക്കുകയും മൂവ്മെന്‍റ് രജിസ്റ്ററിൽ സമയം കാണിച്ച് ഒപ്പുവെപ്പിക്കണം.
- ഒരു വിദ്യാർഥി തന്‍റെ ഐഡി കാർഡ് വിവരങ്ങളും ഒപ്പം സമയവും രജിസ്റ്റർ ചെയ്ത ശേഷം പിന്നെ വാർഡനോ ഹോസ്റ്റലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വീണ്ടും വിശദീകരണം ആവശ്യപ്പെടേണ്ടതില്ല.
- ആവശ്യപ്പെടുന്ന രക്ഷാകർത്താക്കൾക്ക് കുട്ടികളുടെ വരവ് വിവരങ്ങൾ രജിസ്റ്റർ നോക്കി മനസ്സിലാക്കാൻ അവസരം നൽകും.
- സി.സി ടി.വി, തെരുവുവിളക്കുകൾ എന്നിവയടക്കം സുരക്ഷ സജ്ജീകരണങ്ങൾ പ്രവർത്തന ക്ഷമമാണോ അധികൃതർ എല്ലാ ആഴ്ചയിലും ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.