‘രക്തകടങ്ങൾ രക്തത്താൽ വീട്ടും’; മാവോവാദി കവിതയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് തിരുനെല്ലിയിൽ പോസ്റ്റർ

കണ്ണൂര്‍: അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ട് സംഘവും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്നും ഇതിന് പകരം വീട്ടുമെന്നും മാവോവാദി പോസ്റ്റർ. വയനാട് തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിൽ ഇന്നലെ രാത്രി ആറുപേരടങ്ങുന്ന സംഘമെത്തിയാണ് പോസ്റ്റർ പതിച്ചത്. പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റർ.

‘പുത്തൻ ജനാധിപത്യ ഇന്ത്യക്കായി പൊരുതിമരിച്ച സ. കവിതക്ക് ലാൽസലാം. രക്തകടങ്ങൾ രക്തത്താൽ പകരം വീട്ടും’ എന്ന് ഒരു പോസ്റ്ററിൽ പറയുമ്പോൾ മറ്റൊന്നിൽ ‘സഖാവ് കവിതയുടെ കൊലപാതകം കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ പശ്ചിമഘട്ടത്തെ ഒരുക്കിയെടുക്കുന്ന മോദി-പിണറായി സർക്കാറുകളുടെ ആസൂത്രിത നീക്കം. കൊലയാളികൾക്കെതിരെ ആഞ്ഞടിക്കുക’, എന്നാണ് കുറിച്ചിരിക്കുന്നത്.

നവംബർ 13ന് രാവിലെ 9.50നായിരുന്നു ഏറ്റുമുട്ടൽ. കവിതയുടെ മൃതദേഹം പശ്ചിമഘട്ടത്തില്‍ സംസ്കരിച്ചതായും മാവോവാദികള്‍ വ്യക്തമാക്കുന്നു. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലര്‍ക്ക് പരിക്കേറ്റിരുന്നതായി അന്ന് തന്നെ ഡി.ഐ.ജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. മാവോവാദി കൊല്ലപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് പൊലീസും ഉണ്ടായിരുന്നത്. ഇവിടെനിന്ന് ഒരു സ്ത്രീയുടെ കൈയിന്റെ എല്ലിൻ കഷ്ണം ലഭിച്ചിരുന്നു. പരിക്കേറ്റയാൾ ചികിത്സ തേടാതെ മരിച്ചതാകാമെന്നും മൃതദേഹം വനത്തിനുള്ളിൽ സംസ്കരിച്ചിരിക്കാമെന്നുമാണ് പൊലീസ് കരുതുന്നത്.

കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കവിത 2021ൽ കീഴടങ്ങിയ മാവോവാദി ലിജേഷ് എന്ന രാമുവിന്റെ ഭാര്യയാണ്. കർണാടകത്തിലെ തുംഗഭദ്ര ദളത്തിന്റെ ഭാഗമായിരുന്നു ആദ്യം കവിത. 2015ൽ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ ഭാഗമായതാണ്. 

Tags:    
News Summary - Maoist Poster in Thirunelli; says they will revenge for the murder of Kavitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.