വിമർശനത്തിനെതിരേ രാജ്മോഹൻ ഉണ്ണിത്താൻ; 'മുഖത്ത് നോക്കി പറയട്ടെ, എന്നെ നിയന്ത്രിക്കാൻ ആരുമുണ്ടെന്ന് തോന്നുന്നില്ല'
കാസർകോട്: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ തനിക്കെതിരേ രൂക്ഷവിമർശനമുയർന്നുവെന്ന വാർത്തകളിൽ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. തന്നെ നിയന്ത്രിക്കാൻ പാർട്ടിയിൽ ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞു. '68ൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ആളാണ് ഞാൻ. വിമർശനം ഉന്നയിക്കുന്നവർ അന്ന് ജനിച്ചിട്ടുപോലുമുണ്ടാവില്ല. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവാണ് ഞാനിപ്പോൾ. എന്നെ നിയന്ത്രിക്കാൻ ശക്തിയുള്ള ആരുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കെതിരെ പ്രതികരിക്കാൻ വന്നു കഴിഞ്ഞാൽ പ്രതികരിക്കാൻ വരുന്നവരെക്കുറിച്ച് പ്രതികരിക്കാൻ എനിക്ക് നന്നായിട്ട് അറിയാമല്ലോ. എനിക്ക് ആരുടെയും വക്കാലത്ത് ആവശ്യമില്ല. എനിക്കെതിരെ ആഞ്ഞടിക്കാനുള്ള ശക്തിയൊക്കെ ഓരോരുത്തർക്കും ഉണ്ടോ എന്നുള്ളത് അവർ തീരുമാനിക്കട്ടെ' അദ്ദേഹം പറഞ്ഞു.
പാർട്ടി വേദികളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പുറത്തൊരു ചർച്ചക്ക് താനില്ല. ആണത്തം ഉണ്ടെങ്കിൽ ഇതൊക്കെ പരസ്യമായി പറയണം. അതല്ലേ അതിന്റെ ഒരു മര്യാദ. രഹസ്യമായി പറയുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ എങ്ങനെ പ്രതികരിക്കുമെന്നും അദ്ദേഹം കാസർകോട് ചോദിച്ചു. സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രാജ്മോഹൻ ഉണ്ണിത്താൻ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഉണ്ണിത്താനെ നിയന്ത്രിച്ചില്ലെങ്കിൽ അത് പാർട്ടിക്ക് തിരിച്ചടിയാവുമെന്ന് കെപിസിസി യോഗത്തിൽ വിമർശനവും ഉയർന്നു. കെ.പി.സി.സി നിയന്ത്രിച്ചില്ലെങ്കിൽ രാജ്മോഹൻ ഉണ്ണിട്ടാനെതിരെ പരസ്യ പ്രതികരണം നടത്തുമെന്ന് കാസർകോട് ഡി.സി.സിയും യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണിത്താന്റെ പ്രതികരണം.
1968 തൊട്ട് ഇന്നുവരെയുള്ള എന്റെ രാഷ്ട്രീയ പ്രവർത്തനം വളരെ നിഷ്പക്ഷവും നീതിപൂർവകവും സ്വതന്ത്രവുമാണ്. എനിക്ക് രഹസ്യങ്ങൾ ഒന്നുമില്ല. ഏഴ് വർഷമായി കാസർകോട് എം.പി. ആണ്. ഒരു തുള്ളി ഡീസൽ പോലും ആരുടെയെങ്കിലും സൗജന്യത്തിൽ അടിച്ചിട്ടുണ്ടെന്ന ആരോപണം വന്നാൽ അപ്പോൾ ഞാൻ എം.പി. സ്ഥാനം രാജിവെക്കാം. ഒരു രൂപ ഞാൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് പിരിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ഞാൻ അപ്പോൾ എം.പി. സ്ഥാനം രാജിവെക്കാം. ആരുടെയെങ്കിലും കയ്യിൽ നിന്ന് ജോലി വാങ്ങിച്ചു കൊടുക്കാമെന്ന് പറഞ്ഞ് കാശ് വാങ്ങിച്ചെന്ന് പറഞ്ഞാൽ ഞാൻ അപ്പോൾ രാജിവെക്കാം. എന്നെക്കുറിച്ച് കാസർകോട്ട് മുഴുവൻ ജനങ്ങൾക്കും നേരം വെളുക്കുമ്പോൾ തൊട്ട് രാത്രി വരെയുള്ള എന്റെ രാഷ്ട്രീയ പ്രവർത്തനം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.