മലപ്പുറം: പ്രായം ചുളിവ് വീഴ്ത്തിയ ശരീരവും തിമിരം കയറിയ കണ്ണുകളുമായി പരസഹായത്തോടെ 78കാരി കാളി കമീഷന് മുന്നിലെത്തി. പരാതി പറയാനോ പരിഭവം ബോധിപ്പിക്കാനോ അല്ല. ജീവനോടെയുണ്ടെന്ന് തെളിയിക്കുക മാത്രമേ വേണ്ടൂ. അധികൃതർ ‘മരിപ്പിച്ച’തിനാൽ തടഞ്ഞുവെച്ച പെൻഷൻ കിട്ടാൻ വഴി തേടിയാണ് വാർധക്യത്തിെൻറ അവശത മറന്ന് അവർ വന്നത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച നടന്ന സംസ്ഥാന പട്ടികജാതി/പട്ടികവർഗ കമീഷൻ സിറ്റിങ്ങിലാണ് മേഞ്ചരി നഗരസഭയിലെ കോവിലകം റോഡ് പുളിക്കണ്ടി കോളനിയിലെ കാളിയെത്തിയത്. 1996 മുതൽ 2016 ജൂൺ വരെ വാങ്ങിയ വിധവ പെൻഷെൻറ കടലാസുകൾ നിധിപോലെ കൈയിൽ കരുതിയിരുന്നു. സാമൂഹിക പ്രവർത്തക പി. ഗൗരിയും ബന്ധുക്കളും േചർന്നാണ് ഇവരെ കലക്ടേററ്റിലെത്തിച്ചത്.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട കാളി സഹോദരങ്ങൾക്കൊപ്പം പയ്യനാട് നെല്ലിക്കുത്തിെല കോളനിയിേലക്ക് താമസം മാറിയിരുന്നു. സഹോദരങ്ങളും നഷ്ടമായതോടെ ആനക്കയം പഞ്ചായത്തിലെ പന്തലൂർ െതക്കിൻതൊടിയിൽ സേഹാദരിയുടെ മകൾക്കൊപ്പമാണ് താമസം. മഞ്ചേരി നഗരസഭയിൽനിന്ന് താമസം മാറിയതോടെയാണ് കാളിയുടെ പെൻഷൻ മുടങ്ങിയത്. മഞ്ചേരിയിലെ പി. സരോജിനി അമ്മ സ്മാരക മഹിള സമാജം പ്രവർത്തകർ കാര്യമറിഞ്ഞ് നഗരസഭ ഒാഫിസിൽ രേഖാമൂലം അന്വേഷിച്ചപ്പോഴാണ് പെൻഷൻ െഎ.ഡി നമ്പർ 102110600043 ഗുണഭോക്താവായ കാളി മരിച്ചതായി വിവരം ലഭിച്ചത്. 2016 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസത്തെ പെൻഷനുമായി നെല്ലിക്കുത്ത് കോളനിയിലെത്തിയ ബാങ്ക് ജീവനക്കാർ കാളി താമസം മാറിെയന്നതിന് പകരം മരിച്ചെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. നെല്ലിക്കുത്ത് കോളനിയിലെ 45കാരിയായ മറ്റൊരു കാളി 2013ൽ മരിച്ചിരുന്നു. ഇൗ വിവരമാണ് തെറ്റായി നൽകിയത്.
വിവരങ്ങൾ കാണിച്ച് നഗരസഭക്ക് വീണ്ടും പരാതി നൽകിയപ്പോൾ പന്തലൂർ െതക്കിൻ തൊടിയിലേക്ക് കാളി താമസം മാറിയതായി ബോധ്യപ്പെെട്ടന്നും ബാങ്ക് ജീവനക്കാർ തെറ്റായ വിവരം നൽകിയതാണെന്നും മറ്റ് കാര്യങ്ങൾ തിരുവനന്തപുരം ടി.ബി.ടി സെൽ മുഖേനയാണ് ചെയ്യേണ്ടതെന്നും മറുപടി ലഭിച്ചു. പിന്നീടാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമായത്. 2013ൽ മരിച്ച കാളിയുടെ പെൻഷനാണ് വർഷങ്ങളായി ഇവർ അനധികൃതമായി വാങ്ങുന്നതെന്നായി ഭാഷ്യം. വിവിധ വകുപ്പുകളുടെ പിടിപ്പുകേടിനാൽ പെൻഷൻ മുടങ്ങിയതോടെയാണ് കമീഷന് മുന്നിലെത്തിയത്. മഞ്ചേരി നഗരസഭ സെക്രട്ടറിയോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം ശരിയാകുമെന്ന വിശ്വാസത്തോടെയാണ് കാളി കലക്ടറേറ്റിെൻറ പടിയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.