പത്മനാഭസ്വാമി ക്ഷേത്രത്തിലും വൻ സ്വർണമോഷണം; വൈരനാമവും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അമൂല്യ നിധിശേഖരമുള്ള ചരിത്രപ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് തുടർച്ചയായി സ്വർണവും വജ്രാഭരണങ്ങളും കാണാതാകുന്നതായി കണ്ടെത്തൽ. സുരക്ഷാ ക്രമീകരണങ്ങളെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന ഗുരുതരമായ മോഷണവിവരങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് ഞെട്ടിക്കുന്ന റിപ്പോർട്ട് നൽകി. ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച 'വൈര നാമം' ഉൾപ്പെടെയുള്ളവയാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്.

മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയെന്നാണ് ഇതടക്കമുള്ള അമൂല്യ വസ്തുക്കളെക്കുറിച്ച് ക്ഷേത്ര രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ആറുമാസം പിന്നിട്ടിട്ടും ഇവയൊന്നും തിരിച്ചെത്തിയിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണശേഖരത്തിൽ നിന്ന് 78 ഗ്രാമോളം സ്വർണത്തിന്‍റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന സ്വർണവിളക്കും ഇതേ രീതിയിൽ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന കടത്തിയതായാണ് സൂചന. ഇന്‍റലിജൻസ് വിഭാഗം നൽകിയ അതീവ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സർക്കാരിന് അടിയന്തര റിപ്പോർട്ട് സമർപ്പിച്ചത്.

ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയിൽ വൻ ആശങ്ക രേഖപ്പെടുത്തിയ പൊലീസ് മേധാവി, തിരുവാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംരക്ഷിക്കാൻ കർശന നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ-വെള്ളി ആഭരണങ്ങളും അടിയന്തരമായി സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നും, ഭക്തർ നൽകുന്ന വഴിപാടുകൾ കൃത്യമായി ലോക്കറുകളിലേക്ക് മാറ്റി പ്രത്യേക പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. വി.ഐ.പികൾ ഉൾപ്പെടെ ഒരാളെപ്പോലും കൃത്യമായ സുരക്ഷാ പരിശോധന കൂടാതെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നും സുരക്ഷാ ഓഡിറ്റിങ് ശക്തമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് മുൻപും ആശങ്കകൾ ഉയർന്നിട്ടുണ്ടെങ്കിലും, ഔദ്യോഗിക സംവിധാനങ്ങളെത്തന്നെ നോക്കുകുത്തിയാക്കി നടക്കുന്ന പുതിയ മോഷണവിവരങ്ങൾ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

Tags:    
News Summary - Major Gold Theft at Padmanabhaswamy Temple; Vairanamam and 78 Grams of Gold Reported Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.