ദുരന്തഭൂമിയിലെ ഹീറോകളെ ആദരിക്കാൻ ‘വി നാട്, ഹോണറിങ് ഹീറോസ്’
കൽപറ്റ: ആർത്തലച്ചുവന്ന മലവെള്ളം ഒരു നാടിനെ മുഴുവൻ കവർന്നെടുത്തപ്പോൾ ഓടിയെത്തിയവരാണ് യഥാർഥ ഹീറോകൾ. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വജീവൻ പണയംവെച്ചാണ് ഓരോ മനുഷ്യനും രക്ഷാപ്രവർത്തനത്തിൽ സജീവമായത്.
ഭീമാകാരമായ പാറക്കൂട്ടങ്ങൾക്ക് മുകളിൽ കയറിയും ആഴത്തിലുള്ള ചളിക്കുളങ്ങളിൽ ഇറങ്ങിയും അവർ ജീവൻ ബാക്കിയായവരെയും ഉയിരുപോയ ദേഹങ്ങളെയും പുറത്തെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് വയനാട്ടിലേക്ക് രക്ഷാപ്രവർത്തകർ പാഞ്ഞെത്തിയത്.
ദുരന്തത്തിന് ഒരു മാസം പിന്നിടുമ്പോൾ ആ രക്ഷകരെ ആദരിക്കുകയാണ് ‘മാധ്യമം’ പത്രവും ‘മീഡിയവൺ’ ചാനലും. ‘വി നാട്, ഹോണറിങ് ഹീറോസ്’ എന്ന പേരിലുള്ള പരിപാടി സെപ്റ്റംബർ ഏഴിന് വൈകീട്ട് നാലുമുതൽ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് നടക്കുക.
രക്ഷാപ്രവർത്തകർക്ക് എല്ലാ ദിവസവും ചായയും ബിസ്കറ്റും നൽകിയ സാധാരണക്കാർ മുതൽ വ്യവസ്ഥാപിതമായി രക്ഷാപ്രവർത്തനത്തിൽ മുഴുകിയ സംഘടനകളും കൂട്ടായ്മകളുമുണ്ട്. അവരെ ആദരിക്കുകയെന്നത് ഉത്തരവാദിത്തമെന്ന് തിരിച്ചറിഞ്ഞാണ് ‘മാധ്യമ’വും ‘മീഡിയവണും’ പരിപാടി നടത്തുന്നത്. പൊലീസ്, റവന്യൂ, അഗ്നിരക്ഷാസേന, വനംവകുപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകളെയും ആദരിക്കും. മന്ത്രിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.