ഇടതുപക്ഷം സഹകരിച്ചത് ജനത പാർട്ടിയുമായെന്ന് എം. സ്വരാജ്; ‘ആർ.എസ്.എസ് പിടിമുറുക്കിയ ജനത പാർട്ടിയുമായി കോൺഗ്രസിന് ബന്ധം’

നിലമ്പൂർ: ആർ.എസ്.എസുമായി സഹകരിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ്. ജനത പാർട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചതെന്ന് എം. സ്വരാജ് വ്യക്തമാക്കി.

ഭാരതീയ ജനത പാർട്ടിയുമായി സഹകരിച്ചിട്ടില്ല. ജനത പാർട്ടി രൂപീകരിച്ച പശ്ചാത്തലത്തിലാണ് ഭാരതീയ ജനസംഘം പിരിച്ചുവിട്ടത്. ബി.ജെ.പിയുടെ ആദ്യ രൂപമെന്ന് അറിയപ്പെടുന്ന ജനസംഘം പിരിച്ചുവിടുകയാണ് ചെയ്തത്. ജനത പാർട്ടി രൂപീകരിച്ചപ്പോൾ വ്യത്യസ്ത ചിന്താധാരയിൽ ഉള്ളവർ ഉൾപ്പെട്ടിരുന്നു. 1977ൽ തെരഞ്ഞെടുപ്പ് നടക്കുകയും ആദ്യ കോൺഗ്രസിതര സർക്കാർ ഉണ്ടാവും മൊറാർജി ദേശായി സർക്കാറിനെ നയിക്കുകയും ചെയ്തു.

പിന്നാലെ ആർ.എസ്.എസ് ജനത പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കുന്നുവെന്ന വിമർശനം ഉയർന്നു വന്നു. അതിൽ വസ്തുതയും ഉണ്ടായിരുന്നു. ഈ സമയത്ത് കേരളത്തിലെ കാസർകോട്, തലശ്ശേരി, തിരുവല്ല, പാറശാല എന്നീ നാല് നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വന്നു.

ഈ സന്ദർഭത്തിലാണ് ആർ.എസ്.എസിന്‍റെ പിന്തുണ ഇടതുപക്ഷം സ്വീകരിക്കുമോ എന്ന ചോദ്യം ഉയരുകയും വോട്ട് വേണ്ടെന്ന് ഇ.എം.എസ് വ്യക്തമാക്കുകയും ചെയ്തു. ഈ നിലപാടിനെ തുടർന്ന് ആർ.എസ്.എസുമായി ഇടതുപക്ഷം അകന്നു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കുകയും ചെയ്തു.

ആർ.എസ്.എസ് പിടിമുറുക്കിയ ജനത പാർട്ടിയുമായി ബന്ധമുണ്ടാക്കിയത് കോൺഗ്രസ് ആണ്. 80ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർഥിയായി കാസർകോട് മത്സരിച്ചത് ഒ. രാജഗോപാലാണെന്നും എം. സ്വരാജ് വ്യക്തമാക്കി.

അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നും വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വെളിപ്പെടുത്തിയത്.

'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി മുമ്പ് എല്‍.ഡി.എഫിന് പിന്തുണച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ന്യൂനപക്ഷ വർഗീയതയെ ഉപയോഗപ്പെടുത്തി യു.ഡി.എഫും ഭൂരിപക്ഷ വര്‍ഗീയതയെ ഉപയോഗപ്പെടുത്തി ബി.ജെപിയും നില്‍ക്കുകയാണെന്നും ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ഉള്ളടക്കമാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കിയത് യു.ഡി.എഫ് ആണെന്നും ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഞങ്ങള്‍ ഒരിക്കൽ പോലും ഒരു വര്‍ഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും നില്‍ക്കില്ല. പക്ഷേ യു.ഡി.എഫ്-ജമാഅത്തെ ഇസ്‌ലാമി പൂര്‍ണമായും രാഷ്ട്രീയ ഐക്യമുന്നണിയാണ്. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്ന സ്ഥിതി അടുത്ത ഘട്ടത്തിലുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Tags:    
News Summary - M Swaraj react to CPM- RSS Relation Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.