എം.ആർ. അജിത് കുമാർ

സസ്പെൻഷനിൽ തുടരുന്നതിനിടെ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം; ഡിജിപി യോഗേഷ് ഗുപ്തക്ക് ചുമതല

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ വകുപ്പുതല അന്വേഷണം വരുന്നു. മുതിർന്ന ഡി.ജി.പി യോഗേഷ് ഗുപ്തയെ ഇതിനായി നിയോഗിക്കും.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി നാലു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. വകുപ്പുതല അന്വേഷണം വേഗത്തിലാക്കണമെന്ന് അജിത്കുമാർ അപേക്ഷ നൽകിയതിനു പിന്നാലെയാണ് സർക്കാർ നടപടി. ജൂലൈ 23നാണ് അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്.

നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയ​ന്റെ ഗൺമാൻമാർ കെ.എസ്‌.യു പ്രവർത്തകരെ ക്രൂരമായി മർദിച്ചതാണ് രക്ഷാപ്രവർത്തന കേസ്. ഈ കേസ് എഡിജിപി ആയിരുന്ന അജിത് കുമാര്‍ അട്ടിമറിച്ചു എന്നാണ് എസ്‌.ഐ.ടി കണ്ടെത്തല്‍.

മർദന കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നും തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നുമായിരുന്നു അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അജിത്കുമാര്‍ അന്നു വയനാട്ടില്‍ ആയിരുന്നു. എ.ഡി.ജി.പിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തിരുത്തലുകള്‍ വരുത്തിയെന്നാണ് എസ്.ഐ.ടി വ്യക്തമാക്കിയത്.

ഡിവൈ.എസ്.പിയെയും എസ്.ഐയെയും ഓഫിസില്‍ തടഞ്ഞുവച്ച് കേസ് ഡയറി തിരുത്തുകയും കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പെടെ കൊടുത്തുവിടുകയുമായിരുന്നു.

ഈ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് എ.ഡി.ജി.പിയുടെ ഓഫിസ് ഉറപ്പുവരുത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്.ഐ.ടിക്കു മൊഴി നല്‍കിയിരുന്നു.

രക്ഷാപ്രവർത്തന കേസ് അട്ടിമറിയില്‍ നടപടിയെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാരും മടിക്കുന്നു എന്ന ആക്ഷേപം മുമ്പ് ഉയര്‍ന്നുവന്നിരുന്നു. യു.ഡി.എഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ അജിത്കുമാറിനെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അടക്കം ഉന്നയിച്ചിരുന്നു. എന്നിട്ടും അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ കോൺഗ്രസിൽ തന്നെ ചർച്ചയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.