ചിറയിൻകീഴ് കയ്യാങ്കളിയിൽ സമവായം; നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ച് കോൺഗ്രസ്, രമ്യ പരാതി പിൻവലിക്കും, പ്രദീപിന് മണ്ഡലത്തിൽ വിലക്ക് തുടരും

തിരുവനന്തപുരം: കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ ഒടുവിൽ സമവായം. സംഭവത്തെ തുടർന്ന് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത കെപിസിസി അംഗം പാളയം പ്രദീപിന്റെയും ചിറയിൻകീഴ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്. സജാദിന്റെയും സസ്പെൻഷൻ പിൻവലിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. അതേസമയം, നേതാക്കൾക്കെതിരെ നൽകിയ പരാതി പിൻവലിക്കാമെന്ന് രമ്യ ഹരിദാസ് എം.എൽ.എയും ഉറപ്പുനൽകി. എന്നാൽ, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.

കെപിസിസി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് തർക്കം പരിഹരിക്കാനുള്ള നീക്കം വിജയത്തിലെത്തിയത്. വിവാദത്തിൽ എം.എൽ.എക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നെങ്കിലും രമ്യ ഹരിദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാനാണ് നേതൃത്വം ശ്രമിച്ചത്. പ്രാദേശിക നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസം കൂടുതൽ രൂക്ഷമാകാതിരിക്കാൻ പാളയം പ്രദീപിനെ എം.എൽ.എയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്ന നിർദേശവും മുന്നോട്ടുവെച്ചിരുന്നു.

എന്നാൽ, പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തന്റെ അഡീഷനൽ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയതോടെ വിഷയം വീണ്ടും വിവാദമായി. മേയ് 21 മുതൽ പ്രദീപ് തന്റെ സ്റ്റാഫിന്റെ ഭാഗമാണെന്നും ഇതേ തീയതി അടിസ്ഥാനമാക്കി പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്നുമായിരുന്നു ആവശ്യം. സ്പീക്കറുടെ ഓഫിസിൽ നൽകിയ കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറാൻ നിർദേശിച്ച് തിരിച്ചയക്കുകയും പിന്നീട് വിവാദത്തെ തുടർന്ന് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

പാളയം പ്രദീപ് നേരത്തേ മുതൽ തന്റെ സ്റ്റാഫിലുണ്ടായിരുന്നുവെന്ന എം.എൽ.എയുടെയും പ്രദീപിന്റെയും വാദങ്ങളും പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതോടെ കെപിസിസി നേതൃത്വം നിലപാട് കടുപ്പിച്ചതായാണ് വിവരം. തുടർന്ന് കെപിസിസി പ്രസിഡന്റിനെ നേരിൽക്കണ്ട് കേസ് പിൻവലിക്കാമെന്ന് രമ്യ ഉറപ്പുനൽകുകയായിരുന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതേത്തുടർന്നുണ്ടായ വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇരുവിഭാഗവും മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ പാർട്ടിക്ക് വലിയ നാണക്കേടുണ്ടായി. രമ്യ ഹരിദാസിന്റെ പരാതിയിൽ 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിരുന്നു.

സംഭവത്തെ തുടർന്ന് ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് പാളയം പ്രദീപിനെയും എസ്. സജാദിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തത്. വിവാദത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും പാർട്ടിക്കുള്ളിലെ ഭിന്നതയും ചർച്ചയായിരിക്കെയാണ് ഇരുവർക്കുമെതിരായ നടപടി പിൻവലിക്കുന്നത്.

Tags:    
News Summary - Chirayinkeezhu Clash: Congress Revokes Leaders' Suspension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.