ലോക്നാഥ് ബെഹ്‌റ
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. നഗര ഗതാഗത ശൃംഖലയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പുതിയ മുഖങ്ങളെ കൊണ്ടുവരാനാണ് സർക്കാരിന്റെ ആലോചന. വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകർ, ജിജി തോംസൺ എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.
ഓഗസ്റ്റ് 31-ഓടെ ലോക്‌നാഥ് ബെഹ്‌റയുടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയാണ്. പുതിയ നിയമനം നടക്കുന്നതുവരെ താത്കാലിക ചുമതലയിൽ തുടരാൻ ആവശ്യപ്പെട്ടേക്കാമെങ്കിലും കാലാവധി നീട്ടി നൽകുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് സൂചന. സാധാരണയായി എംഡിയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരാറുണ്ടെങ്കിലും ഇത്തവണ തീരുമാനം വൈകുന്നത് മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
കൊച്ചി മെട്രോയെ 'കേരളം മെട്രോ' എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കത്തെച്ചൊല്ലി അടുത്തിടെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങളും ബെഹ്‌റയുടെ തുടർച്ചയെ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. സർക്കാരുമായി ആലോചിക്കാതെ കെഎംആർഎൽ വാർത്താക്കുറിപ്പ് ഇറക്കിയതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജെഎൽഎൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 1,957 കോടി രൂപയുടെ രണ്ടാം ഘട്ട മെട്രോ പാത നിർമ്മാണവും വാട്ടർ മെട്രോ വിപുലീകരണവും പുരോഗമിക്കുന്ന നിർണായക ഘട്ടത്തിലാണ് കെഎംആർഎല്ലിന്റെ തലപ്പത്ത് മാറ്റത്തിന് കളമൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.