ഡോ. പി.കെ. പോക്കർ

മലയാള സർവകലാശാലയിലെ അനഘയുടെ സമരം: അക്കാദമിക രംഗത്തെ ജാതീയ വിവേചനവും മനുഷ്യാവകാശ ലംഘനവുമെന്ന് ഡോ പി.കെ. പോക്കർ

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി അനഘ ശശി നടത്തുന്ന സമരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയ വിവേചനങ്ങളെയും സ്ഥാപനവൽക്കരിക്കപ്പെട്ട അടിച്ചമർത്തലുകളെയുമാണ് തുറന്നുകാട്ടുന്നതെന്ന് പ്രമുഖ ചിന്തകനും അധ്യാപകനുമായ ഡോ. പി.കെ. പോക്കർ. ഐ.സി.എസ്.എസ്.ആർ ഫെലോഷിപ്പോടെ ഔദ്യോഗികമായി ഗവേഷണത്തിന് ചേർന്ന ഒരു വിദ്യാർഥിനിയുടെ അക്കാദമിക നടപടികൾ രണ്ട് വർഷത്തിലേറെയായി തടസ്സപ്പെടുത്തിയിരിക്കുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

പരസ്പരം എളുപ്പത്തിൽ കണ്ട് സംസാരിക്കാൻ കഴിയുന്ന ചെറിയൊരു സ്ഥാപനത്തിൽ പോലും ഒരു ഗവേഷകയുടെ പ്രശ്നം പരിഹരിക്കാൻ കഴിയാതെ പോയത് സ്ഥാപനപരമായ വീഴ്ചയാണ്. ഗവേഷണ സഹായിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ കൗൺസിൽ ചേർന്ന് വളരെ വേഗം പരിഹരിക്കേണ്ടതിന് പകരം പ്രശ്നം വഷളാക്കുകയാണ് അധികൃതർ ചെയ്തതെന്ന് അദ്ദേഹം മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഓർമിപ്പിച്ചു.

ഗവേഷകയെക്കൊണ്ട് നിർബന്ധിതമായി ലാബ് വൃത്തിയാക്കൽ പോലുള്ള ജോലികൾ ചെയ്യിപ്പിച്ചെന്ന പരാതി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. വിദ്യാർഥിനി ദളിത് വിഭാഗത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് അർഹമായ നീതി നിഷേധിക്കപ്പെടുന്നതും ഒരു സംവാദ സാധ്യത പോലും നൽകാതെ അവളെ മാറ്റിനിർത്തുന്നതുമെന്ന് ഡോ. പി.കെ. പോക്കർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത് വിദ്യാർഥികൾ അനുഭവിക്കുന്ന വ്യവസ്ഥാപിത മർദനങ്ങളുടെ തുടർച്ചയാണിത്. സ്ഥാപനങ്ങളും ഔദ്യോഗിക സ്ഥാനങ്ങളും മനുഷ്യരെ സത്യത്തിൽ നിന്നും നീതിയിൽ നിന്നും അകറ്റുമെന്ന ആനന്ദ് തെൽതുംബ്ദെയുടെ നിരീക്ഷണം സർവകലാശാലയിലെ മൗനത്തെ ഓർമിപ്പിക്കുന്നുവെന്നും അനഘയ്ക്ക് വൈകാതെ നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Dr. PK Pokker Backs Malayalam University Scholar Anagha's Protest, Slams Institutional Caste Discrimination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.