കോഴിക്കോട്: കടകൾ തുറന്നിട്ടും വാങ്ങാൻ ആളുകളില്ലാതെ ഷെൽഫുകളിൽ ഇരിക്കുകയാണ് ചെരിപ്പുകൾ. വിഷു, പെരുന്നാൾ, ഓണം വിപണി മുന്നിൽക്കണ്ട് എത്തിച്ചവയാണ് കച്ചവടം നടത്താനാവാതെ കൂട്ടിയിട്ടിരിക്കുന്നത്. ദിവസങ്ങളോളം അടച്ചുപൂട്ടിക്കിടക്കുന്നതിനാൽ ഫാന്‍സി ചെരിപ്പുകളും ഷൂകളും ഹാന്‍ഡ്മേഡ് പാദരക്ഷകളും ഈർപ്പം തട്ടി വേഗത്തിൽ ഉപയോഗശൂന്യമാകുന്നു. പശ ഉപയോഗിച്ച് നിർമിക്കുന്നതിനാൽ ഫാൻസി ചെരിപ്പുകൾ പൊളിഞ്ഞുനശിക്കുകയും ചെയ്തു.
കോടികളുടെ നഷ്ടമാണ് ഇതിലൂടെ വ്യാപാരികൾക്ക് ഉണ്ടായത്. വീട്ടിലിരിക്കുന്നതിന് പകരം കടയിൽ ഇരിക്കുന്നുവെന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്ന് ജില്ല ഫൂട്വെയര് ഡിസ്ട്രിബ്യൂടേഴ്സ് അസോസിയേഷന് പ്രസിഡൻറ് സാദിഖ് പള്ളിക്കണ്ടി പറഞ്ഞു. ഡൽഹി, ആഗ്ര, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് വരുന്ന ചെരിപ്പുകൾ വലിയ വിലയുള്ളതാണ്. ദിവസങ്ങളോളം ഇവ പൊടിപിടിച്ച് കിടന്നതിനാൽ മങ്ങി ഉപഭോക്താക്കൾ വാങ്ങാത്ത അവസ്ഥയിലായിട്ടുണ്ടെന്ന് കടക്കാർ പറയുന്നു.
100 രൂപക്ക് കൊടുത്താൽ പോലും ആരും വാങ്ങില്ലെന്നും ഈ നഷ്ടം നികത്താൻ എന്തു ചെയ്യുമെന്ന് അറിയില്ലെന്നും കടയുടമകൾ പറയുന്നു. ചെറുതും വലുതുമായ നൂറ്റമ്പതോളം ഉല്പാദന യൂനിറ്റുകളും ഹോൾസെയിൽ കടകളും ജില്ലയിലുണ്ട്. മൊത്ത കച്ചവടക്കാരും തൊഴിലാളികളുമടക്കം ആയിരത്തിലധികം പേരാണ് ഇതിലൂടെ ഉപജീവനം കണ്ടെത്തുന്നത്. പ്രധാനമായും പാദരക്ഷ മേഖലയില്‍ 10 മുതല്‍ 100 വരെ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയുള്ള മൈക്രോ യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. സ്വയം തൊഴിലിെൻറ ഭാഗമായി സ്ത്രീകളടക്കം ധാരാളം പേര് ഈ മേഖലയിലുണ്ട്. ലോക്ഡൗൺ കഴിഞ്ഞാലും പഴയ രീതിയിലേക്ക് എത്താൻ മാസങ്ങളെടുക്കുമെന്ന് സാദിഖ് പറഞ്ഞു.
തൊഴിലാളികളുടെ വേതനം, ബാങ്ക് വായ്പ, ദൈനംദിന ചെലവുകളുമടക്കം സ്ഥാപനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ വലിയ പ്രയാസം നേരിടുകയാണ് ചെരിപ്പ് മേഖല. അതിെൻറ കൂടെയാണ് കോവിഡുകൂടി വന്നതെന്നും കടയുടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.