പനമരം: നടവയലിൽ നാലു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാന ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ക്രാഷ് ഗാർഡ് വേലിയുടെ പണികൾ മന്ദഗതിയിലായതാണ് ആനകളിറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ രാത്രി ഒരു മണിയോടെ ഇറങ്ങിയ കാട്ടാന വെളുത്തേടത്തുപറമ്പിൽ ചിന്നമ്മ, ജിമ്മി, ടോമി, വടക്കാഞ്ചേരി ജോസ് മാത്യു, തോമസ്, കണ്ടെത്ത് ജോയി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കൃഷികൾ നശിപ്പിച്ച ശേഷം കണ്ടെത്ത് ജോയിയുടെ കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ പുലർച്ചയോടെ നാട്ടുകാരും വാച്ചർമാരും ചേർന്നാണ് വനത്തിലേക്ക് തുരത്തിയത്.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാനയാണ് കഴിഞ്ഞദിവസം രാത്രി കക്കോടൻ ബ്ലോക്കിലെ ജനവാസ മേഖലയിലെത്തിയത്. ക്രാഷ് ഗാർഡ് വേലിയുടെ പണികൾ നിലച്ചതിനെ തുടർന്ന് നാട്ടുകാരും വനംവകുപ്പും ചേർന്ന് വനാതിർത്തിയിൽ സ്ഥാപിച്ച തൂക്കുവേലി, മരം തള്ളിയിട്ട് തകർത്ത ശേഷമാണ് കാട്ടാനയെത്തിയത്. വേലിയുടെ സംരക്ഷണത്തിനായി രണ്ടു വാച്ചർമാരെ നിയമിച്ചിരുന്നു.
എന്നാൽ, ഇവരെ നാട്ടുകാർ അറിയാതെ രാത്രികാവലിനായി മറ്റിടങ്ങളിലേക്ക് മാറ്റിയതോടെയാണ് തൂക്കുവേലിയുടെ സംരക്ഷണം ഇല്ലാതെയായത്.
പുൽപള്ളി: വീട്ടിമൂലയിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ വലിയ കൃഷിനാശം സംഭവിച്ചു. വനാതിർത്തിയിലുള്ള വൈദ്യുത കമ്പനിയും പ്രതിരോധ കിടങ്ങും തകർത്താണ് കാട്ടാന കൃഷിയിടത്തിലെത്തിയത്.
പള്ളിച്ചിറ മാളപ്പുര സരോജിനി, കൈനിക്കുടി ബേബി തുടങ്ങിയ നിരവധി കർഷകരുടെ നെല്ല്, പച്ചക്കറി എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. വനാതിർത്തിയിൽ വൈദ്യുത കമ്പിവേലിയുണ്ടെങ്കിലും അടുത്തകാലത്തായി ഇവിടെ എത്തിച്ചേർന്ന ഒറ്റയാൻ ഈ കമ്പിവേലികൾ തകർത്താണ് കൃഷിയിടത്തിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.