കനത്ത മഴയിൽ പനമരം ചെങ്ങാടക്കടവിലെ വീടിന് മുകളിൽ കവുങ്ങ് പൊട്ടിവീണപ്പോൾ
പനമരം: പനമരത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ നാശം. മരം കടപുഴകി ഗതാഗത തടസ്സമുണ്ടായി. വൈദ്യുതിയും മുടങ്ങിയതോടെ നാലു മണിക്കൂർ ജനജീവിതം സ്തംഭിച്ചു. ചെങ്ങാടക്കടവിലെയും പരിസരങ്ങളിലെയും വീടുകൾക്ക് മുകളിലും മരം വീണു. വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.
ഞായറാഴ്ച വൈകീട്ട് 6.30ന് ആരംഭിച്ച ശക്തമായ മഴ രാത്രി പത്തര വരെ തുടർന്നു. കാറ്റിനെ തുടർന്ന് പനമരം പാലം അപ്രോച് റോഡ് സൈഡിൽ നിന്ന മരം വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീണ് ഒരു മണിക്കൂറോളം ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു.
മാനന്തവാടിയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കിയത്. പലസ്ഥലങ്ങളിലും ശക്തമായ ഇടിയും മിന്നലും കാരണം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഇതോടെ നാല് മണിക്കൂറോളം പനമരം ഇരുട്ടിലമർന്നു. ടൗണിലുള്ളവർക്ക് വീട്ടിൽ പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മഴയിൽ വാഹനങ്ങൾക്ക് ഓടാൻ കഴിഞ്ഞില്ല. പനമരം പൊലീസും നാട്ടുകാരും സി.എച്ച് റെസ്ക്യൂ ടീം, കെ.എസ്.ഇ.ബി ജീവനക്കാരും ഏറെ പണിപ്പെട്ടാണ് മരങ്ങൾ മുറിച്ചുമാറ്റി രാത്രി പത്തരയോടെ വൈദ്യുതി തടസ്സങ്ങൾ നീക്കിയത്.
ചെങ്ങാടക്കടവിലെ കോവ മജീദ്, സി.പി. ഫൈസൽ, മുത്താറി മജീദ് എന്നിവരുടെയും പരക്കുനി ഉന്നതിയിലടക്കം പലരുടെയും പറമ്പിലെ തെങ്ങുകളും കവുങ്ങുകളും മരങ്ങളും വീടിനു മുകളിലേക്ക് വീണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.