ഭക്ഷ്യവിഷബാധ: 200ഓളം പേർ ചികിത്സ തേടി

വെഞ്ഞാറമൂട്: പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സമൂഹസദ്യയില്‍ പങ്കെടുത്ത 200ഓളം പേർക്ക്​ ഭക്ഷ്യവിഷബാധ. പനി, വയറുവേദന, വയറിളക്കം എന്നിവയായിരുന്നു ലക്ഷണങ്ങള്‍. തിങ്കളാഴ്ചയായിരുന്നു ക്ഷേത്രത്തിലെ സമൂഹസദ്യ. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 110 പേര്‍ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും 80 പേര്‍ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയിലും മൂന്നുപേര്‍ ശ്രീ ഗോകുലം മെഡിക്കല്‍കോളജ് ആശുപത്രിയിലും ചികിത്സ തേടി.

ചികിത്സ തേടിയവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നും ഏറെക്കുറെ എല്ലാവരും ആശുപത്രിവിട്ടെന്നും കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറും പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ പി.ആര്‍.ഒയും അറിയിച്ചു.

എന്നാല്‍, 10,000ത്തോളം പേർ ഭക്ഷണം കഴിച്ച സമൂഹസദ്യയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അസ്വസ്ഥതകള്‍ ഉണ്ടായതെന്നും അതുതന്നെ ഏറ്റവും അവസാനം ഭക്ഷണം കഴിച്ച ചിലര്‍ക്കാണെന്നും ക്ഷേത്ര ഭാരവാഹി ആര്‍. സുനില്‍ പറഞ്ഞു.

നല്ല രീതിയില്‍ നടന്നുവരുന്ന ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ ആരെങ്കിലും മനഃപൂര്‍വം എന്തെങ്കിലും ചെയ്തതാണോയെന്ന സംശയമുള്ളതിനാൽ പൊലീസില്‍ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേ​​​​ത്രോത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധയേറ്റ 85 പേർ കന്യാകുളങ്ങര സാമൂഹികആരോഗ്യ കേന്ദ്രത്തിലും മറ്റുള്ളവർ ജില്ലയിലെ വിവിധ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്ന്​ ജില്ല മെഡിക്കൽ ഓഫിസറും പറഞ്ഞു. 

ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ

തിരുവനന്തപുരം: ജില്ലയിലെ ചില ഉത്സവ സ്ഥലങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഉത്സവസംഘാടകരും പൊതുജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ആരാധനാലയങ്ങളിലും ആഘോഷങ്ങളിലും അന്നദാനം ഉൾപ്പെടെ ഭക്ഷണങ്ങൾ വിതരണം നടത്തുമ്പോൾ സംഘാടകർ നിർബന്ധമായും പ്രസ്തുത വിവരം തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ മുൻകൂറായി അറിയിക്കണം.

ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ മാത്രം തയാറാക്കണം. അവ അടച്ചു സൂക്ഷിക്കുകയും ചെയ്യുക. വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, ഷിഗല്ല, കോളറ തുടങ്ങിയ രോഗങ്ങൾ മലിനജലത്തിലൂടെയും വൃത്തിഹീനമായി തയാറാക്കിയ ആഹാരത്തിലൂടെയുമാണ് പകരുന്നതെന്നതിനാൽ പൊതുജനങ്ങളും സംഘാടകരും കൂടുതൽ ശ്രദ്ധ പുലർത്തണം.

പാചകത്തിന് ശുദ്ധമായ ജലം മാത്രം ഉപയോഗിക്കുന്നതിനും കുടിക്കാനായി നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകുന്നതിനും സംഘാടകർ ശ്രദ്ധിക്കണം.

പാചകത്തിൽ ഏർപ്പെടുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. ഭക്ഷണം തയാറാക്കുവാനും വിതരണം ചെയ്യാനും കാറ്ററിങ്​ ഏജൻസികളെ ഏൽപിക്കുന്നപക്ഷം നിയമ പ്രകാരമുള്ള ലൈസൻസ് എടുത്ത ഏജൻസികളെ മാത്രം ഏൽപ്പിക്കുക. ഭക്ഷണത്തിനുശേഷം ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ ചെയ്യാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ഡോക്ടറുടെ നിർദേശാനുസരണം ചികിത്സ തേടേണ്ടതാണെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.

Tags:    
News Summary - Food poisoning- Around 200 people sought treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.