സപ്ലൈകോയിൽനിന്ന് ഭക്ഷ്യധാന്യങ്ങളുമായെത്തിയ ലോറി തടഞ്ഞിട്ടിരിക്കുന്നു
വെഞ്ഞാറമൂട്: സിവിൽ സപ്ലൈസ് ഗോഡൗണില്‍നിന്ന് 45 ചാക്ക് അരികടത്താനുള്ള ശ്രമം ചുമട്ട് തൊഴിലാളികളുടെ ഇടപെടലില്‍ വിഫലമായി. സിവിൽ സപ്ലൈസിന്റെ വെഞ്ഞാറമൂട് ചന്തക്ക് സമീപമുള്ള ഗോഡൗണില്‍ നിന്നാണ് അരി കടത്താനുള്ള ശ്രമമുണ്ടായത്. ബുധനാഴ്ച രാവിലെ ഗോഡൗണില്‍ ഒരു ലോഡ് അരി വന്നിരുന്നു. അത് ഇറക്കിയ ശേഷം സപ്ലൈകോയുടെ തന്നെ വെഞ്ഞാറമൂട് ജങ്ഷനിലുള്ള ഗോഡൗണിലേക്ക് തൊഴിലാളികള്‍ പോയി.
10.30ഓടെ മടങ്ങിയെത്തുമ്പോല് ഗോഡൗണിനുള്ളില്‍ നിന്ന് പിക്കപ്പ് വാനില്‍ അരിയും കയറ്റി പുറത്തിറങ്ങി വരുന്നത് കാണാനിടയായി. ബുധനാഴ്ച റേഷന്‍ കടകളിലേക്കുള്ള അരി വിതരണം ഇല്ലന്ന് തൊഴിലാളികള്‍ക്ക് അറിയാമായിരുന്നത് കൊണ്ട് തന്നെ സംശയം തോന്നി അവര്‍ വാഹനം തടഞ്ഞു.
വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേത്വത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സപ്ലൈകോ അധികൃതരെ വിവരമറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസര്‍ സീമ, നെടുമങ്ങാട് സബ്കോ ജൂനിയര്‍ മാനേജര്‍ ടി.എ. അനിത കുമാരി, റേഷനിങ് ഓഫിസര്‍മാരായ ബിന്ദു, ദീപ്തി എന്നിവരടങ്ങുന്ന സംഘമെത്തി നടത്തിയ പരിശോധനയിലാണ് കുത്തരി, പച്ചരി, പുഴുക്കലരി എന്നിവയടങ്ങുന്ന 45 ചാക്ക് അരി വാഹനത്തിലുണ്ടന്ന് കണ്ടെത്തിയത്.
റേഷന്‍ വിതരണം ഇല്ലാത്ത ദിവസം പെര്‍മിറ്റ് ഇല്ലാത്ത വാഹനത്തില്‍ റേഷനരി കണ്ടെത്തിയതും തൊഴിലാളികള്‍ വാഹനം തടഞ്ഞപ്പോള്‍ തന്നെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതും ഗോഡൗണിലെ ഓഫിസ് ഇന്‍ചാർജ് മുങ്ങിയതും സപ്ലൈക്കോ അധികൃതരുടെ സംശയം ബലപ്പെടുത്തി. വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. കേസെടുത്ത പൊലീസ് അരി ഉൾപ്പടെ വാഹനം കസ്റ്റഡിയിലെടുത്തു. രാത്രി വൈകിയും ഗോഡൗണിലെ സ്റ്റോക്ക് പരിശോധന സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടരുകയാണ്. പരിശോധന കഴിഞ്ഞാല്‍ മാത്രമെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാകു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നടപടി സ്വീകരിക്കും -മന്ത്രി
വെഞ്ഞാറമൂട്ടിലെ സിവിൽ സപ്ലൈകോ ഗോഡൗണില്‍നിന്ന് റേഷന്‍ സാധനങ്ങളെന്ന് സംശയിക്കുന്ന രീതിയില്‍ ഭക്ഷ്യ സാധനങ്ങള്‍ കണ്ടെത്തി. സപ്ലൈകോ ഉദ്യഗോസ്ഥരുടെ പരാതിയില്‍ അരിയും വാഹനനവും കസ്റ്റഡിയിലെടുത്തു. പ്രസ്തുത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.