മയക്കുമരുന്നും സ്ഫോടകവസ്തുക്കളും തോക്കുമായി ഒരാള്‍ അറസ്റ്റില്‍

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പൊലീസ് നടത്തിയ പരിശോധനയില്‍ 1.2 കിലോ കഞ്ചാവ്, 12 ഗ്രാം ഹഷീഷ് ഓയില്‍ 3,69,000 രൂപ, ഒരു തോക്ക്, ആറ് പന്നിപ്പടക്കങ്ങള്‍, സ്റ്റഫ് ചെയ്ത പന്നിത്തല, കാട്ടുപന്നിയുടെയും പെരുമ്പാമ്പിന്റെയുമെന്ന് സംശയിക്കുന്ന കൊഴുപ്പ് രൂപത്തിലുള്ള വസ്തുക്കള്‍ എന്നിവ പിടികൂടി; ഒരാള്‍ അറസ്റ്റില്‍.

വെഞ്ഞാറമൂട് കോട്ടുകുന്നം ഇടവംപറമ്പ് വൃന്ദാവനത്തില്‍ ദിലീപാണ് (43) അറസ്റ്റിലായത്. റൂറല്‍ ജില്ല പൊലീസ് മേധാവി ശിൽപ. ഡിക്ക് ലഭിച്ച രഹസ്യവിവരം ആറ്റിങ്ങൽ ഡിവൈ.എസ്.പിക്കും നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിക്കും കൈമാറി.

തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ജി. ബിനു, വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജുനാഥ്, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച വൈകീട്ടോടെ വീട് പരിശോധിച്ച് നിരോധിത വസ്തുക്കളും പണവും ഉൾപ്പെടെ പിടികൂടുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ദിവസങ്ങളായി ഇയാളുടെ വീടും പരിസരവും നിരീക്ഷിച്ചശേഷം സാഹചര്യം ഒത്തുവരികയും പ്രതി വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തശേഷമാണ് പൊലീസ് പരിശോധനക്കായി സംഘടിച്ചെത്തിയത്. വിദേശ ഇനത്തില്‍പെട്ട പത്ത് വിലകൂടിയ നായ്ക്കളുടെ കാവലിലായിരുന്നു വീട്.

പിതാവിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതും വന്യമൃഗങ്ങളെ വേട്ടയാടിയതിനും വളര്‍ത്തിയതിനും മോഷണക്കുറ്റത്തിനും അബ്കാരി ഇനത്തിലുമായി മുപ്പതോളം കേസുകളിലെ പ്രതിയും വെഞ്ഞാറമൂട് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളുമാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

സ്ഫോടക വസ്തുക്കള്‍, ലൈസന്‍സില്ലാത്ത തോക്ക് എന്നിവ കൈവശം വെച്ചതിനും മയക്കുമരുന്നും കഞ്ചാവും കൈവശംവെച്ചതിനും എന്‍.ഡി.പി.എസ് ആക്ട് പ്രകാരവുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിടികൂടിയ സ്ഫോടക വസ്തുക്കള്‍ ബോംബ് സ്‌ക്വാഡ് എസ്.ഐ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം ആൾപാര്‍പ്പില്ലാത്ത സ്ഥലത്തെത്തിച്ച് നിര്‍വീര്യമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - A man was arrested with drugs-explosives and a gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.