സ്കൂൾ ബസ് മോഷണക്കേസിലെ പ്രതികൾ
തിരുവനന്തപുരം: മേനംകുളത്തുനിന്ന് സ്വകാര്യ സ്കൂളിന്‍റെ ബസ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. തുമ്പ പള്ളിത്തുറ ഹൗസ് നമ്പർ 136ൽ വിമോദ് (39), വലിയതുറ പുതുവൽ പുരയിടം റോസ്ലിൻ ഹൗസിൽ എഡിസൺ ജോസ് (42) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകാര്യം വെഞ്ചാവോട് സ്വദേശിനി പ്രതിഭാ മോഹന്‍റെ ഉടമസ്ഥതയിലുള്ള, മേനംകുളത്ത് പ്രവർത്തിക്കുന്ന മോഹൻ മെമ്മോറിയൽ സ്കൂളിന്‍റെ ബസാണ് കഴിഞ്ഞമാസം മോഷണം പോയത്. കോവിഡ് സാഹചര്യത്തിൽ സ്കൂൾ അവധിയായിരുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷമായി മേനംകുളം ഗെയിംസ് വില്ലേജിന് സമീപം പാർക്കുചെയ്തിരുന്ന ബസ്, രാത്രി ലോക്ക് പൊളിച്ച് പ്രതികൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എ.സി.പി ഹരി സി.എസിന്‍റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ബസ് വെട്ടുകാട് പള്ളിവക പാർക്കിങ് ഗ്രൗണ്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമീഷണർ അങ്കിത് അശോകൻ അറിയിച്ചു. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, സി.പി.ഒമാരായ സജാദ്ഖാൻ, അരുൺ എസ്. നായർ, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.