മേയർ ആര്യ രാജേന്ദ്രൻ, പത്മകുമാർ,
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തലസ്ഥാനത്ത് കോർപറേഷൻഭരണം പിടിക്കാൻ മുന്നണികളെല്ലാം അരയുംതലയും മുറുക്കി രംഗത്ത്. കഴിഞ്ഞ അഞ്ചു വർഷത്തെ നേട്ടങ്ങളുമായി എൽ.ഡി.എഫും കോട്ടങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സജീവമാവുകയാണ്.
നഗരത്തിന്റെ വികസനക്കുതിപ്പും കിതപ്പുമൊക്കെ വോട്ടിൽ പ്രതിഫലിക്കുമെന്നതിനാൽ ജനഹിതം ഒപ്പം നിർത്താൻ എല്ലാ ശ്രമവും നടത്തുകയാണ് പാർട്ടികളെല്ലാം. തലസ്ഥാന നഗരഭരണം പിടിക്കൽ സംസ്ഥാനതലത്തിൽ തന്നെ മുന്നണികൾക്കെല്ലാം അഭിമാന പ്രശ്നമാണ്. നഗരത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടത്തിയ വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് ഒരിക്കൽ കൂടി ഇടതുപക്ഷം വോട്ടർമാർക്കിടയിലേക്ക് നീങ്ങുന്നത്.
ക്ഷേമപ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം, റോഡ്ഗതാഗതം, മത്സ്യബന്ധനം തുടങ്ങി എല്ലാ മേഖലകളിലും മെച്ചപ്പെട്ട പ്രവർത്തനം നടത്തിയെന്നാണ് ഭരപണക്ഷത്തിന്റെ വാദം.എന്നാൽ വികസന മുരടിപ്പും അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങൾ അനുഭവിച്ചറിഞ്ഞ അഞ്ചാണ്ടാണ് പിന്നിടുന്നതെന്ന കടുത്ത വിമർശം പ്രതിപക്ഷം ഉയർത്തുന്നു. അത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അവർ വ്യക്തമാക്കുന്നു.
നഗരത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 5000ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരത്തിലെ പ്രധാന റോഡുകളെല്ലാം സ്മാർട്ട്, സെമി സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തി. 50 റോഡുകൾ ബി.എം.ബി.സി നിലവാരത്തിലാക്കി. കോർപറേഷന് കീഴിലെ സർക്കാർ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്റൂമുകൾ കൊണ്ടുവന്നു. അന്താരാഷ്ട്ര നിലവാരത്തിലെ ഇന്ററാക്ടീവ് ഡിസ്പ്ലേ ബോർഡുൾപ്പെടെയാണ് ക്ലാസ് മുറികൾ നവീകരിച്ചിരിക്കുന്നത്. ആയിരത്തോളം ലാപ്ടോപ്പുകൾ നൽകി. കുട്ടികൾക്കായി പഠനമുറികളും മികച്ച കെട്ടിടങ്ങളുമൊരുക്കി. നവീകരണം വേണ്ടയിടങ്ങളിലെല്ലാം അത് പൂർത്തിയാക്കി.
ആരോഗ്യമേഖലയിൽ നിലവിൽ 90 ആരോഗ്യസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഒരു വാർഡിൽ ഒരു ആരോഗ്യകേന്ദ്രം എന്നതാണ് നമ്മുടെ ലക്ഷ്യം. 5000ത്തിലധികം പാലിയേറ്റീവ് കെയർ രോഗികളെ കോർപറേഷൻ സംരക്ഷിക്കുന്നുണ്ട്. സുസ്ഥിര വികസനമാണ് നിലവിലെ ഭരണസമിതി ലക്ഷ്യമിട്ടത്. 115 ഇലക്ട്രിക് ബസുകൾ കോർപറേഷൻ നിരത്തിലിറക്കി. ഇതിലൂടെ പ്രതിവർഷം 20 ലക്ഷം ലിറ്റർ ഡീസൽ ലാഭിക്കുന്നതു മാത്രമല്ല അന്തരീക്ഷ മലിനീകരണവും വലിയതോതിൽ കുറക്കാനായി.
എല്ലാ തെരുവുവിളക്കുകളും എൽ.ഇ.ഡിയാക്കി. ഗാർഹിക സോളാർ സ്ഥാപിക്കുന്നവർക്കും ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നവർക്കും സബ്സിഡി ഏർപ്പെടുത്തിയ ആദ്യ കോർപറേഷനാണിത്. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി അഞ്ച് ആർ.ആർ.എഫുകളും 25 എം.സി.എഫുകളും സ്ഥാപിച്ചു. പ്രതിമാസം 1000 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നു. നഗരത്തിൽ ഒരിടത്തും മാലിന്യക്കൂമ്പാരമില്ല. തിരുവനന്തപുരത്തെ ഇനിയും മെച്ചപ്പെട്ട നഗരമാക്കാനും രാജ്യത്തെ തന്നെ പ്രധാന ഗ്രീൻസിറ്റിയാക്കാനും ജനങ്ങൾ ഒപ്പംനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതിപക്ഷ കൗൺസിലർമാരോട് ചിറ്റമ്മനയം കാട്ടുന്ന ഭരണസമിതിയാണ് കോർപറേഷനെ നയിച്ചതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി. പത്മകുമാർ. പ്ലാൻ ഫണ്ടുകൾ തരുമെങ്കിലും തനതുഫണ്ടുകൾ എൽ.ഡി.എഫ് കൗൺസിലർമാരെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രമാണ് പ്രതിപക്ഷ കൗൺസിലർമാർക്ക് അനുവദിച്ചത്. അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഭരണമാണ് അവസാനിക്കുന്നത്.
അതിനെതിരെ യു.ഡി.എഫ് കോർപറേഷനുള്ളിലും പുറത്തും നിരന്തര സമരം നടത്തി. നിയമന വിവാദത്തിൽ തുടർച്ചയായി 56 ദിവസമാണ് യു.ഡി.എഫ് സമരം നടത്തിയത്. അതിന്റെ ഫലമായി പൊതുമരാമത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനം ഡി.ആർ അനിലിന് രാജിവെക്കേണ്ടി വന്നു. അത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാണ്. പട്ടിജാതിഫണ്ടായ രണ്ട് കോടിയിൽ 1,14,72,000 രൂപയും അടിച്ചുമാറ്റി. അത് ഓഡിറ്റ് റിപ്പോർട്ടിൽ വന്നപ്പോൾ മാത്രമാണ് പുറത്തറിഞ്ഞത്. കെട്ടിടനികുതി തട്ടിപ്പും ഞെട്ടിക്കുന്നതായിരുന്നു. നാല് അറസ്റ്റുകൾ നടന്നെങ്കിലും ഒരു ക്രിമിനൽ കേസുപോലും എടുത്തില്ല. പണം കട്ടവർ തിരികെ നൽകുമ്പോൾ വിശുദ്ധരാകുന്നത് ഈ ഭരണസകാലത്ത് കണ്ടു.
നഗരമാലിന്യ സംസ്കരണം അവതാളത്തിലാണ്. 1700 രൂപ വെച്ച് 50,000 കിച്ചൺ ബിൻ വാങ്ങി. 500 രൂപയിൽ താഴെമാത്രം വിലയുള്ള കിച്ചൺ ബിന്നിനാണ് ഇത്രയും തുക നൽകിയത്. മരാമത്ത് പണികൾക്ക് 15 വർഷം മുമ്പ് വാർഡൊന്നിന് ഒരു കോടി രൂപ കിട്ടുമായിരുന്നു. നിർമാണച്ചെലവ് മൂന്നിരട്ടിയായ ഇക്കാലത്ത് ആ തുക 60- 70 ലക്ഷമായി വെട്ടിക്കുറച്ചു. അതിന്റെ പ്രതിഫലനം മരാമത്ത് പ്രവർത്തനങ്ങളിലുമുണ്ടായി. പരാതികളും അപേക്ഷകളും ഓൺലൈനാക്കിയിട്ടും ഫയൽ നീക്കത്തിന് ഇപ്പോഴും കാലതാമസമെടുക്കുന്നുണ്ട്. പ്രതിവർഷം അഞ്ചുശതമാനം വീതം 25 ശതമാനമാണ് കെട്ടിട നികുതിയിൽ വർധനവുണ്ടായത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരും.
ഇക്കുറി കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ. ഇടതുഭരണത്തിൽ സ്വജനപക്ഷപാതവും അഴിമതിയും കൈക്കൂലിയും മൂലം ജനങ്ങൾ പൊറുതിമുട്ടി. നിർധനർക്ക് വീട്, കുടിവെള്ളം, റോഡുകൾ തുടങ്ങി കേരളം ചൂണ്ടിക്കാണിക്കുന്ന പല വികസനങ്ങളും കേന്ദ്രസർക്കാർ പദ്ധതികളിലൂടെ വന്നതാണ്.
ലൈഫ് പദ്ധതിയിൽ അക്ഷയ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രം നൽകിയാൽ മതിയെന്ന ഭരണസമിതിയുടെ നിലപാട് നിരവധി പേരുടെ അവസരമാണ് ഇല്ലാതാക്കിയത്. ബി.ജെ.പി കൗൺസിലർമാർ ഇല്ലാത്ത വാർഡുകളിൽ പോലും കേന്ദ്രസർക്കാർ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അതിൽ ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട്. യോഗ്യരായ കർഷകർക്ക് പ്രതിവർഷം ധനസഹായം നൽകുന്ന കർഷക സമ്മാൻ പദ്ധതി കേന്ദ്ര സർക്കാറിന്റേതാണ്.
സ്മാർട്ട് സിറ്റി വഴി റോഡ് മാത്രമല്ല യാത്രക്കുള്ള ബസുകളും വാങ്ങിയിട്ടുണ്ട്. അതും കേന്ദ്ര പദ്ധതിയുടെ ഭാഗമാണ്. നിലവിലെ ഭരണസമിതി മാലിന്യ നിർമാർജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൻ പരാജയമാണ്. വിളപ്പിൽശാല പൂട്ടിയ ശേഷം പകരം ഒരുസംവിധാനം ഒരുക്കാനായിട്ടില്ല.
കിച്ചൺ ബിന്നിന്റെ പേരിൽ സാധാരണക്കാരിൽനിന്ന് പണം പിരിച്ചെടുക്കുകയായിരുന്നു. കടകളിൽ 400 രൂപക്ക് കിട്ടുന്ന കിച്ചൺ ബിന്നിന് കോർപറേഷൻ ഏർപ്പെടുത്തിയ സംഘടന ഈടാക്കിയത് 1700 രൂപയാണ്. അതിൽ പലതും നിലവിൽ ചെടി വളർത്താനും തുണിയിടാനും ജനങ്ങൾ ഉപയോഗിക്കുകയാണ്. വീണ്ടും ഭരണം കിട്ടില്ലെന്ന് എൽ.ഡി.എഫിന് ഉറപ്പുള്ളതിനാലാണ് ഒരു വാർഡ് അധികം രൂപവൽകരിക്കാനായി വാർഡുകളെ ഒന്നാകെ വെട്ടിക്കീറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.