തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങളുടെ പട്ടിക തെരഞ്ഞെടുപ്പ് കമീഷൻ ഉടൻ നിശ്ചയിക്കും. പ്രസിഡന്റ്, ചെയർമാൻ, മേയർ സ്ഥാനങ്ങൾ സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടിക വർഗ്ഗം സ്ത്രീ, പട്ടിക ജാതി, പട്ടിക വർഗം എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ എണ്ണം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. അതനുസരിച്ചാണ് ഓരോ സംവരണ വിഭാഗത്തിന്റെയും ജനസംഖ്യ പരിഗണിച്ച് അധ്യക്ഷ സ്ഥാനം സംവരണം ചെയ്യേണ്ട തദ്ദേശ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് ആവർത്തനക്രമം പാലിച്ച് കമീഷൻ നിശ്ചയിക്കുക.ഇതിനായി 1995 മുതൽ നൽകിയിരുന്ന സംവരണം പരിഗണിക്കും.
അധ്യക്ഷ സ്ഥാനം സ്ത്രീകൾക്ക് (പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ ഉൾപ്പെടെ) സംവരണം ചെയ്യാത്ത തദ്ദേശസ്ഥാപനങ്ങളിലെ ഉപാധ്യക്ഷ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യും. തെഞ്ഞെടുപ്പിന് മൾട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ആണ് ഉപയോഗിക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് ഒരു കൺട്രോൾ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റുകളും ഉപയോഗിക്കും. മുനിസിപ്പാലിറ്റി- കോർപറേഷനുകളിൽ ഒരു കൺട്രോൾ, ബാലറ്റ് യൂനിറ്റുകളാണ് ഉപയോഗിക്കുന്നത്. കമീഷന്റെ ഉടമസ്ഥതയിലുള്ള വോട്ടു യന്ത്രങ്ങളുടെ (50,693 കൺട്രോൾ യൂനിറ്റുകളും 1,37,922 ബാലറ്റ് യൂനിറ്റുകളും) ആദ്യഘട്ട പരിശോധന പൂർത്തിയാക്കി ജില്ലാ വെയർ ഹൗസുകളിൽ സൂക്ഷിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് 10 ദിവസം മുമ്പ് വരണാധികാരികളുടെ നേതൃത്വത്തിൽ അവയിൽ കാൻഡിഡേറ്റ് സെറ്റിങ് നടത്തും.
തെരരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറങ്ങളുടെയും രജിസ്റ്ററുകളുടെയും കവറുകളുടെയും അച്ചടി പൂർത്തിയായി. ഓരോ ജില്ലക്കും ആവശ്യമുള്ള എണ്ണം അതത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ലഭ്യമാക്കി. വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സ്റ്റേഷനറി സാധനങ്ങളുടെയും ശേഖരണം പൂർത്തിയാക്കി അതത് ജില്ലകൾക്ക് ലഭ്യമാക്കി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വരണാധികാരികളെയും ഉപവരണാധികാരികളെയും നിശ്ചയിച്ച് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പോളിങ് സാധനങ്ങൾ വോട്ടെടുപ്പിന്റെ തലേദിവസം വിതരണം ചെയ്യുന്നതിനും വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നതിനുളള വിതരണ സ്വീകരണ കേന്ദ്രങ്ങൾ കമീഷൻ അംഗീകരിച്ച് നൽകിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടവകാശമുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ പ്രവാസി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുളളവർക്കാണ് ഇതിന് അർഹത. പ്രവാസി പട്ടികയിൽ ഉൾപ്പെട്ടിട്ടുളളവർക്ക് പോളിങ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി വോട്ടു രേഖപ്പെടുത്താം. തിരിച്ചറിയൽ രേഖയായി പാസ്പോർട്ടിന്റെ ഒറിജിനൽ കാണിക്കണം. പ്രവാസി പട്ടികയിൽ ആകെ 2841 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.