125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

കഴക്കൂട്ടം: ആന്ധ്രയില്‍നിന്ന് രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന 125 കിലോ കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി. പള്ളിച്ചൽ വെടിവെച്ചാൻകോവിൽ മേലെ വീട് പ്രീത ഭവനിൽ കാവുവിള ഉണ്ണി എന്ന ഉണ്ണികൃഷ്ണൻ (33), മലയിൻകീഴ് മേപ്പുക്കട പോളച്ചിറ മേലെ പുത്തൻ വീട്ടിൽ സജീവ് (26), തൈക്കാട് രാജാജി നഗർ സ്വദേശി സുബാഷ് (34) എന്നിവരെയാണ് സ്പെഷൽ ആക്ഷൻ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹാത്തോടെ കഴക്കൂട്ടം പൊലീസ് പിടികൂടിയത്.

ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത വിൽപന നടത്തുന്ന പ്രധാന സംഘമാണ് പൊലീസ് വലയിലായത്. ആന്ധ്രയിൽനിന്ന് രണ്ട് കാറുകളിലായി കഞ്ചാവുമായി വന്ന സംഘത്തെ കേരള അതിർത്തി മുതൽ സ്പെഷൽ ടീം സംഘങ്ങളായി തിരിഞ്ഞ് പിന്തുടരുകയായിരുന്നു.

കഴക്കൂട്ടം ദേശീയപാതയിൽവെച്ച് കൃത്രിമ ഗതാഗത തടസ്സം സൃഷ്ടിച്ചാണ് പൊലീസും സ്പെഷൽ ടീമും ചേർന്ന് പിടികൂടിയത്. 125 കിലോ കഞ്ചാവും വെര്‍ണ, സ്കോട കാറുകളും കസ്റ്റഡിയിലെടുത്തു.


പ്രതികളിൽ ഉണ്ണികൃഷ്ണനാണ് കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവൻ. സ്പിരിറ്റ് കടത്ത്, കഞ്ചാവ് കേസുകളുൾപ്പെടെ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾക്ക് ആന്ധ്രാപ്രദേശിലും കഞ്ചാവ് കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ സജീവിന്‍റെ പേരിൽ കരമന സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകം, വലിയതുറ, മ്യൂസിയം, മണ്ണന്തല തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ബൈക്ക് മോഷണം ഉൾപ്പെടെ കേസുകളുണ്ട്.

ഡെപ്യൂട്ടി കമീഷണർ അങ്കിത് അശോകന്റെ നിര്‍ദേശ പ്രകാരം, നഗരത്തിൽ പിടികൂടിയ കഞ്ചാവ് കേസുകളുടെ ഭാഗമായി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിൽ സ്പെഷൽ ടീം രൂപവത്കരിച്ചിരുന്നു. ഇവർ നിരന്തരമായി നടത്തിവന്ന അന്വേഷണത്തിലാണ് കഞ്ചാവ് കടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. മാസങ്ങളായി സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു.

Tags:    
News Summary - Three youths arrested with 125 kg cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.