തുമ്പ കടപ്പുറത്ത് കൂറ്റൻ സ്രാവ് കരക്കടിഞ്ഞു

കഴക്കൂട്ടം (തിരുവനന്തപുരം): മത്സ്യത്തൊഴിലാളികളുടെ കമ്പ വലയിൽ കുരുങ്ങിയ കൂറ്റൻ സ്രാവ് കരക്കടിഞ്ഞു. രണ്ട് ടണ്ണിലേറെ തൂക്കം വരുന്ന കൂറ്റൻ ഉടുമ്പൻ സ്രാവാണ് കരക്കടിഞ്ഞത്.

ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ തുമ്പ ആറാട്ടുകടവിന് സമീപത്തെ കടൽ തീരത്താണ് സ്രാവ് വലയിൽ കുടുങ്ങി അവശനിലയിൽ കരയിലെത്തിയത്. കരയിലെത്തിയ സ്രാവിന് ജീവനുണ്ടായിരുന്നതിനാൽ വലപ്പൊട്ടിച്ച് മത്സ്യ തൊഴിലാളികളും നാട്ടുകാരും കടലിലേക്ക് തന്നെ തിരികെ വിടാൻ ശ്രമിച്ചു. എന്നാൽ, ഇത് പരാജയപ്പെട്ടതോടെ നാല് മണിയോടെ സ്രാവിന്റെ ജീവൻ നഷ്ടപ്പെട്ടു.

ബീമാപള്ളിയിൽനിന്നും കടലിൽ മത്സ്യ ബന്ധനത്തിന് പോയവരുടെ കമ്പ വലയിലാണ് സ്രാവ് കുരുങ്ങിയത്. മത്സ്യതൊഴിലാളികൾ സ്രാവിനെ തള്ളി മാറ്റിയും പ്ലാസ്റ്റിക് വടം ഉപയോഗിച്ച് കെട്ടിവലിച്ചും തീരക്കടലിൽ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.

ചെകിളയിൽ മണൽ കയറിയതിനെ തുടർന്നാണ് സ്രാവിന്റെ ജീവൻ നഷ്ടമായത്. റവന്യൂ ഉദ്യേഗസ്ഥരും മൃഗസംരക്ഷണ ഉദ്യേഗസ്ഥരും വനം വകുപ്പ് ഉദ്യേഗസ്ഥരും സ്ഥലത്തെത്തി. ഇവർ പരിശോധിച്ച് മരണം ഉറപ്പാക്കി.

പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിച്ചിടും. മണ്ണുമാന്തി യന്ത്രം ഉൾപ്പടെ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമെ കൂറ്റൻ സ്രാവിനെ കുഴിച്ചിടാൻ കഴിയുകയുള്ളൂ. ഞായറാഴ്ച നൂറുകണക്കിന് ആളുകളാണ് സ്രാവിനെ കാണാനെത്തിയത്.

Tags:    
News Summary - A giant shark landed on the shores of Thumba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.