എസ്കവേറ്റർ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞപ്പോൾ
ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബറിൽനിന്ന് എസ്കവേറ്റർ മാറ്റാനുള്ള നീക്കം തടഞ്ഞ് മത്സ്യത്തൊഴിലാളികൾ. മണൽ നീക്കം നടത്തുന്ന മേഖലയിൽ നിലവിൽ ആറ് എസ്കവേറ്ററുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽനിന്ന് ഒരു എസ്കവേറ്റർ ട്രൈലറിൽ കയറ്റി കൊണ്ടുപോകാനാണ് ശനിയാഴ്ച വൈകീട്ട് ആറോടെ ശ്രമം നടന്നത്. അപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾ തടയുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെയും മത്സ്യത്തൊഴിലാളികളായി ചർച്ച നടത്തുകയും ചെയ്തു.
എക്സിക്യൂട്ടിവ് എൻജിനീയറുടെയോ കരാറുകാരന്റെയോ സാന്നിധ്യമില്ലാതെ എസ്കവേറ്റർ കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ തിരിച്ചിറക്കി.
അഴിമുഖത്ത് കുന്നുകൂടി കിടക്കുന്ന മണൽ നീക്കം ചെയ്യുന്നതിനാണ് ഡ്രെഡ്ജറിന് പുറമേ എസ്കവേറ്ററുകൾ കൂടി ലഭ്യമാക്കിയത്. മണൽ ഇനിയും വലിയതോതിൽ നീക്കം ചെയ്യാനുണ്ട്. ഈ സാഹചര്യത്തിൽ എസ്കവേറ്ററുകൾ കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.അഴിമുഖത്തുള്ള മണലിനു പുറമേ നിലവിൽ അഴിമുഖത്തേക്ക് മണൽ വന്ന അടിയുന്ന പെരുമാതുറ ഭാഗത്തുനിന്നും നിശ്ചിത അളവിൽ മണൽ നീക്കം ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
മണൽ നീക്കം ചെയ്യുന്നതിന് പൊഴിയിൽ രണ്ടാമത് എത്തിച്ച ചന്ദ്രഗിരി ഡ്രെഡ്ജർ കഴിഞ്ഞദിവസം മുതൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു. രണ്ടു ദിവസമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെയാണ് ഡ്രെഡ്ജർ പൂർണമായി പ്രവർത്തന ക്ഷമമായത്. വെള്ളിയാഴ്ച ഡ്രെഡ്ജിങ് നടത്തുമ്പോൾ 20 ശതമാനം മണലും 80 ശതമാനം വെള്ളവുമായാണ് പുറംതള്ളിയത്.
ഡ്രഡ്ജിങ് പൂർണതോതിൽ ആരംഭിച്ചപ്പോൾ
ശനിയാഴ്ച അത് 70 ശതമാനം മണലും 30 ശതമാനം വെള്ളവും എന്ന നിലയിലേക്ക് പുരോഗമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.