മാഹീൻ
ചിറയിൻകീഴ്: ജില്ലയിലെ ലഹരികടത്ത് സംഘത്തിലെ മുഖ്യ പ്രതിയെ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പെരുമാതുറ ഒറ്റപ്പന തെരുവിൽ പുറമ്പോക്കിൽ മാഹീനാണ് (30) പിടിയിലായത്. കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ചിറയിൻകീഴ് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരി വ്യാപാരം.
കടലോരപ്രദേശങ്ങൾ ഒളിത്താവളങ്ങളാക്കി ലഹരിവ്യാപാരം നടത്തി വന്ന ഇയാളെ വളരെനാളത്തെ ശ്രമഫലമായാണ് പിടികൂടിയത്. ചിറയിൻകീഴിൽ ഏപ്രിലിൽ സിന്തറ്റിക് ലഹരിയുമായി പിടികൂടിയയാളെ കേന്ദ്രീകരിച്ചുള്ള തുടരന്വേഷണത്തിലാണ് മാഹീൻ അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസിയായ എൻ.സി.ബി രണ്ടുവർഷംമുമ്പ് വാണിജ്യാടിസ്ഥാനത്തിൽ ലഹരിവസ്തുക്കൾ കടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ജയിൽമോചിതനായി വീണ്ടും ലഹരിവ്യാപാരം തുടരുകയായിരുന്നു. കുറിയർ സർവിസ് മുഖേന ആയിരുന്നു അന്ന് ഇയാൾ കേരളത്തിൽ ലഹരി എത്തിച്ചിരുന്നത്. മെത്താഫിറ്റമൈൻ, എൽ.എസ്.ഡി സ്റ്റാമ്പ്, കൊക്കയിൻ എന്നിവ എൻ.സി.ബി സംഘം പിടികൂടിയിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശനന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ. പ്രദീപ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്. മഞ്ജുലാൽ, ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ വി.എസ്. വിനീഷ്, ഡാൻസാഫ് സബ് ഇൻസ്പെക്ടർ എഫ്. ഫയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.