വഴിയരികിൽ മാലിന്യ നിക്ഷേപം; ഇടപെടാതെ അധികൃതർ

ചിറയിൻകീഴ്: വഴിയരികിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതായി പരാതി. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ ഇടപെടാതെ അധികൃതർ. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിലാണ് നിലവിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതായി പരാതി ഉയർന്നത്. അമീബിക് മസ്തിഷ്ക ജ്വരം പോലുള്ള മാരക പകർച്ചവ്യാധികൾ സമീപ പ്രദേശങ്ങളിൽ പടർന്നു പിടിക്കുമ്പോഴും മാലിന്യ നിർമ്മാർജ്ജനത്തിൽ യാതൊരു മുൻകരുതലുമെടുക്കാത്തത് നാട്ടുകാരെ ആശങ്കയിലാകുന്നു.

ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാലിന്യം ശേഖരിക്കുന്നതിനായി സ്ഥാപിച്ച വേസ്റ്റ് ബിന്നുകൾ പരിപാലിക്കാത്ത അവസ്ഥയും ഉണ്ട്.

പഞ്ചായത്ത് ഓഫീസിനും ആയുർവേദ ആശുപത്രിക്കും സമീപത്തെ ചതുപ്പ് പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കവറിൽ കെട്ടിയ നിലയിൽ മാലിന്യം വലിച്ചെറിയൽ പതിവാണ്. മഴക്കാലമായതോടെ പ്രദേശത്ത് വെള്ളം കയറി മാലിന്യങ്ങൾ പല ഭാഗത്തായി ചിന്നി ചിതറി കിടക്കുകയാണ്. ആയുർവേദ ആശുപത്രിക്ക് സമീപത്തായി കാട് പിടിച്ചു കിടക്കുന്ന ചതുപ്പ് പ്രദേശങ്ങൾ മാലിന്യ കൂനകളായി മാറി കഴിഞ്ഞു. രാത്രികാലങ്ങളിൽ പൊതുവേ വിജനമായ പ്രദേശമായതിനാലാണ് വാഹനങ്ങളിലെത്തി ആളുകൾ ഇവിടെ മാലിന്യം വലിച്ചെറിയുന്നത്.

വ്യാപകമായ മാലിന്യ നിക്ഷേപം കാരണം പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ചതുപ്പ് പുരയിടങ്ങളിൽ വ്യാപകമായ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞതോടെ വെള്ളം ഒഴുകി പോകാൻ സാധിക്കാതെ ചെറിയ മഴയത്ത് പോലും പ്രദേശം വെള്ളക്കെട്ടിലാവുകയും ചെയ്യുന്നുണ്ട്. രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃത പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ശുചിത്വ മിഷന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വഴി വക്കിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ പലതും സംരക്ഷണമില്ലാതെ നശിച്ചുപോകുകയും, ബാക്കിയുള്ളവ യഥാസമയം മാലിന്യങ്ങൾ മാറ്റാത്തത് കൊണ്ട് നിറഞ്ഞ് കവിഞ്ഞ് നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. 

Tags:    
News Summary - Garbage dumped on roadside authorities not intervene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.