വെയിലൂർ ഗവ.ഹൈസ്കൂളിലെ ഇ-വോട്ടിങ്ങിൽ നിന്ന്​

വെയിലൂർ ഗവ.ഹൈസ്കൂളിലെ ഇ-വോട്ടിങ് ശ്രദ്ധേയമായി

ചിറയിൻകീഴ്: മുരുക്കുംപുഴ വെയിലൂർ ഗവ. ഹൈസ്കൂളിൽ ഈ വർഷത്തെ സ്‌കൂൾ പാർലമെന്‍റ് തെരെഞ്ഞെടുപ്പ് ഇ-വോട്ടിങ്ങിലൂടെ പൂർത്തിയാക്കി. സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുവേണ്ടി പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പ് കുട്ടികളിൽ കൗതുകവും ആകാംക്ഷയും ഉളവാക്കി.

ലാപ്ടോപ് കൺട്രോൾ യൂനിറ്റായും ടാബ്/മൊബൈൽ ഫോൺ ബാലറ്റ് യൂനിറ്റായും ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് വിദ്യാർഥികൾതന്നെയാണ് നേതൃത്വം നൽകിയത്. പോളിങ് ഓഫിസർമാരായി 10ാം ക്ലാസ് വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരുന്നു.

യു.പി വിഭാഗം കുട്ടികൾക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കും ഒരേ സമയത്ത് വോട്ടുകൾ രേഖപ്പെടുത്താനാവുന്ന തരത്തിൽ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.

വോട്ടെണ്ണലും സോഫ്റ്റ് വെയർ അധിഷ്ഠിതമായതിനാൽ വലിയ സ്ക്രീനിലൂടെ ലൈവായി മത്സര ഫലം കാണാനുള്ള സൗകര്യവുമൊരുക്കിയിരുന്നു. പൊതുതെരഞ്ഞെടുപ്പുകളിലെന്നപോലെ ഒന്നാം പോളിങ് ഓഫിസർ സമ്മതിദായകന്‍റെ സ്കൂൾ തിരിച്ചറിയൽകാർഡ് പരിശോധിച്ചു.

ശേഷം രണ്ടാം പോളിങ് ഓഫിസർ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി അടയാളം പുരട്ടിയതിനു ശേഷമാണ് മൂന്നാം പോളിങ് ഓഫിസർ ബാലറ്റ് യൂനിറ്റ് പ്രവർത്തനക്ഷമമാക്കി വോട്ടെടുപ്പിന് അനുമതി നൽകിയത്. 15 ഡിവിഷനുകളിൽനിന്ന് 40 വിദ്യാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ യോഗത്തിൽ 2022-23 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്‍റ് ഭാരവാഹികളെ തെരഞ്ഞെടുക്കും.

ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപകനായ ഡോ. മുഹമ്മദ് ഷരീഫ് ആയിരുന്നു റിട്ടേണിങ് ഓഫിസർ. ഹെഡ്മിസ്ട്രസ് എ.എസ്. അനിതാ ബായി, സ്റ്റാഫ് സെക്രട്ടറി ശ്രീശങ്കർ, അധ്യാപകരായ ജെ.എം. റഹിം, അനൂപ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - E-Voting in Vellore Govt.High School is remarkable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.