പ്ര​തി​ക​ള്‍

അഭിഭാഷകർ ചമഞ്ഞ് 70 ലക്ഷം തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

ചിറയിന്‍കീഴ്‌: അഭിഭാഷകർ ചമഞ്ഞ് യുവതിയില്‍നിന്ന് 70 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. നെല്ലനാട് പരമേശ്വരം സ്വദേശി ശങ്കര്‍ദാസ്, കൂട്ടാളി കൈതമുക്ക് പാല്‍കുളങ്ങര സ്വദേശി അരുണ പാര്‍വതി എന്നിവരെയാണ് റൂറല്‍ ജില്ല പൊലീസ് മേധാവി ശിൽപ ദേവയ്യയുടെ നിർദേശ പ്രകാരം റൂറല്‍ സി-ബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണ്‍ കെ.ജെയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ആനത്തലവട്ടം സ്വദേശിയായ യുവതിയെയും പ്രവാസിയായ ഭര്‍ത്താവിനെയും അഭിഭാഷകരെന്ന് തെറ്റിദ്ധരിപ്പിച്ച് കേസ് നടത്താനെന്ന വ്യാജേന 2020 ആഗസ്റ്റ്‌ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെടുത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു.

കോവിഡ് കാലത്താണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന എട്ടുമാസം ഗര്‍ഭിണിയായിരുന്ന യുവതി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലെത്തിയിരുന്നു. യുവതി ക്വാറന്‍റീന്‍ ലംഘിച്ചെന്നാരോപിച്ച് അയല്‍ക്കാരും നാട്ടുകാരും ചിറയിന്‍കീഴ്‌ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഇതുസംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വിഡിയോ പ്രതികള്‍ കണ്ടതിനെ തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവിനെ പരിചയപ്പെട്ടു. കേസ് വാദിക്കാമെന്ന് പറഞ്ഞ ഇവർ കേസ് കോടതിയില്‍ പരാജയപ്പെട്ടതിനാല്‍ ഹൈകോടതിയില്‍ കേസ് നടത്തണമെന്ന് ആവശ്യപ്പെട്ടു.

ഇതിനുംപുറമേ, ഏതോ വിസ തട്ടിപ്പ് കേസിലെ പ്രതികള്‍ യുവതിയുടെ ഭര്‍ത്താവിന്‍റെ പേര് പറഞ്ഞെന്നും അതിനാൽ ഇനി നാട്ടില്‍ വരാന്‍ കഴിയില്ലെന്നും ആ കേസ് കൂടി വാദിക്കാമെന്നും കേസുകളുമായി ബന്ധപ്പെട്ട് കോടതി വിവരങ്ങള്‍ വ്യാജമായി നിർമിക്കുകയും അതുകാണിച്ച് പണം ആവശ്യപ്പെടുകയും ചെയ്തു. പേടിച്ചരണ്ട ഗർഭിണിയും ഭർത്താവും വസ്തുവകകള്‍ വിറ്റും സ്വര്‍ണം പണയം വെച്ചും 70 ലക്ഷം രൂപ പലപ്പോഴായി നൽകി.

ഭാര്യയുമായി പിണങ്ങിയശേഷം അരുണ പാര്‍വതിയോടൊപ്പം വക്കീല്‍ എന്ന വ്യാജേന ശങ്കര്‍ദാസ് വിവിധ വീടുകളിലും ഫ്ലാറ്റുകളിലും മാറിമാറി താമസിച്ചുവരികയാണ്. വ്യാജരേഖകള്‍ കാണിച്ചും മറ്റുള്ളവരുടെ പേരില്‍ വാഹനങ്ങള്‍ ലോണില്‍ സ്വന്തമാക്കി വിവിധ പേരുകളില്‍ കറങ്ങി നടന്ന് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതികള്‍.

തട്ടിപ്പ് മനസ്സിലായ പരാതിക്കാരിയും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടര്‍ന്ന് ചിറയിന്‍കീഴ്‌ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണ്‍ കെ.ജെയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐ. ഗിരീഷ്, സിന്ധു, പ്രതീഷ്, സാജു, ആല്‍ബിന്‍, ദിനേശ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികളുടെയും മറ്റും അടിസ്ഥാനത്തില്‍ പ്രതികള്‍ മറ്റ് ജില്ലകളില്‍ സമാന രീതിയില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചുവരികയാണ്. 

Tags:    
News Summary - Accused in the case of defrauding lawyers and extorting money arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.