ഷൈ​ജി​ൻ

ബ്രി​ട്ടോ

സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 81 ലക്ഷം തട്ടിയ മുൻ ജീവനക്കാരൻ പിടിയിൽ

ബാലരാമപുരം: സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരൻ പിടിയിൽ. കാഞ്ഞിരംകുളം ലൂർദുപുരം എം.ജെ നിലയത്തിൽനിന്ന് മലയിൻകീഴ് കൊട്ടറക്കുഴി ബ്രിട്ടാസ് ഹൗസിൽ താമസിക്കുന്ന ഷൈജിൻ ബ്രിട്ടോയെ (39) ബാലരാമപുരം പൊലീസ് പിടികൂടി.

2021 ഏപ്രിൽ മാസം മുതൽ 2022 ജനുവരി വരെ വിവിധ ഘട്ടങ്ങളിലായിട്ടാണ് മാതൃസഹോദരി അംബികയിൽനിന്ന് 81 ലക്ഷം രൂപ വാങ്ങിയത്. അംബികയുടെ മകന് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെയും സർക്കാറിന്‍റെയും വ്യാജസീൽ പതിച്ച് രേഖകളും തയാറാക്കി. തട്ടിപ്പാണെന്ന് ഉറപ്പായതോടെയാണ് അംബിക ബാലരാമപുരം പൊലീസിൽ ആഗസ്റ്റിൽ പരാതി നൽകിയത്.

നേരത്തേ സെക്രട്ടേറിയറ്റിൽ ജീവനക്കാരനായിരുന്നു ബ്രിട്ടോ. 2022 ൽ ഇയാളെ സർവിസിൽനിന്ന് അച്ചടക്ക നടപടിയുടെ പേരിൽ നിർബന്ധിത വിരമിക്കൽ നടപടിയെടുക്കുകയായിരുന്നു. ബ്രിട്ടോ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും വ്യാജസീലുകളും ഐഡന്‍റിറ്റി കാർഡുകളും ജോലി അപേക്ഷകളും കണ്ടെത്തിയിട്ടുണ്ട്.

ഒളിവിൽ കഴിഞ്ഞ പ്രതിയെ റൂറൽ ജില്ല പൊലീസ് മേധാവി ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര അസി. സൂപ്രണ്ട് ഓഫ് പൊലീസ് ഫറാഷിന്‍റെ നേതൃത്വത്തിൽ സി.ഐ ബിജുകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, പ്രവീൺദാസ്, വിപിൻ, ഷാജി എന്നിവടങ്ങുന്ന അന്വേഷണ സംഘം പിടികൂടി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വഞ്ചിയൂർ പൊലീസിലും ജോലി തട്ടിപ്പ് നടത്തിയ കേസുള്ളതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - fake job offering in the secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.