അഡ്വ. എസ്.കെ. പ്രീജ എൽ.ഡി.എഫ്, അഞ്ജിത വിനോദ് യു.ഡി.എഫ്, ഹേമലത എൻ.ഡി.എ
ബാലരാമപുരം: ജില്ല പഞ്ചായത്ത് ബാലരാമപുരം ഡിവിഷനില്‍ തീപാറുന്ന പോരാട്ടം. മൂന്ന് വനിതകളാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ഇതേ ഡിവിഷനില്‍ നിന്നും കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ട വിനോദ് കോട്ടുകാലിന്റെ ഭാര്യ അഞ്ജിത വിനോദ് ആണ് യു.ഡി.എഫ് സ്ഥാനാർഥി. തിരുവിതാംകൂറിലെ കണ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും കര്‍ഷക-കൈത്തറി തൊഴിലാളി നേതാവുമായിരുന്ന പള്ളിച്ചല്‍ സദാശിവന്റെ മകളും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ അഡ്വ. എസ്.കെ. പ്രീജയാണ് എൽ.ഡി.എഫിനായി രംഗത്തുള്ളത്. ബാലരാമപുരം ഗ്രാമപഞ്ചായത്ത് മുന്‍അംഗം ഹേമലതയാണ് ബി.ജെ.പി സ്ഥാനാർഥി.
വിജയ പ്രതീക്ഷയോടെയാണ് മൂന്ന് സ്ഥാനാർഥികളും പ്രചാരണ രംഗത്തുള്ളത്. മൂന്ന് പേർക്കും നല്ല സ്വാധീന മേഖലകളുള്ള ഡിവിഷനാണ് ബാലരാമപുരം. യു.ഡി.എഫും എൽ.ഡി.എഫും വിജയിച്ച ഡിവിഷൻ കൂടിയാണ്. വിനോദ് കോട്ടുകാലിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നടപ്പാക്കിയ വികസനത്തിന്റെ തുടര്‍ച്ചക്കാണ് ഭാര്യ അഞ്ജിത വോട്ട് തേടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വിനോദ് കോട്ടുകാല്‍ പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരുവശം തളര്‍ന്ന് ചികിത്സയിലായിരുന്നു. വിനോദിന്റെ പ്രവര്‍ത്തനമുള്‍പ്പെടെ പറഞ്ഞാണ് അഞ്ജിത പ്രചാരണ രംഗത്തുള്ളത്. നിലവില്‍ എം. വിന്‍സെന്റ് എം.എൽ.എയുടെ ഓഫീസിലാണ് അഞ്ചിത ജോലി നോക്കുന്നത്.
നിറമണ്‍കര എൻ.എസ്.എസ് കോളജിലെ എസ്.എഫ്.ഐ ഭാരവാഹിയായിട്ടാണ് പ്രീജ രാഷ്ട്രിയ രംഗത്തേക്ക് എത്തിയത്. സി.പി.എം ജില്ല കമ്മിറ്റി അംഗം, അഖിലേന്ത്യ കിസാന്‍ സഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, കിസാന്‍ സഭ അഖിലേന്ത്യ വനിത കര്‍ഷക കമ്മിറ്റി കണ്‍വീനര്‍, മഹിള അസോസിയേഷന് ജില്ല കമ്മിറ്റി അംഗവുമാണ്. 2015ല്‍ ബാലരാമപുരം ഡിവിഷനില്‍ നിന്നും വിജയിച്ച് ജില്ല പഞ്ചായത്ത് അംഗമായി. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായിരുന്നു. തുടര്‍ന്ന് പൂങ്കോട് ബ്ലോക്ക് ഡിവിഷനില്‍ നിന്നും വിജയിച്ച് നേമം ബ്ലോക്ക് പ്രസിഡൻറായി. ബി.ജെ.പി സ്ഥാനാർഥി ഹേമലതയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് രംഗത്തുള്ളത്. ഇത്തവണ ഡിവിഷന് ബി.ജെ.പിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.