ത​ദ്ദേശ തെരഞ്ഞെടുപ്പ്; ​ ഇതുവരെ പത്രിക നൽകിയത്​ 7091 പേര്‍

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ ജില്ലയില്‍ ഇതുവരെ 7091 പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ഇന്നലെ 146 പേര്‍ പത്രിക സമര്‍പ്പിച്ചപ്പോൾ ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലായി 191 പേരും ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലായി 1791 പേരുമാണ് പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വെളളിയാഴ്ച ഉച്ചക്ക് മൂന്നിനാണ് അവസാനിക്കുക.

ശനിയാഴ്ച നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനക്ക് ശേഷം സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിങ് ഓഫീസർ തയാറാക്കി പ്രസിദ്ധീകരിക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24 ന് ഉച്ചകഴിഞ്ഞ് മൂന്ന്മണി വരെയാണ്. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിങ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും.

മലയാളം അക്ഷരമാലാ ക്രമത്തിലാണ് പേര് പട്ടികയിൽ വരിക. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിങ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.

ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിലടക്കം മത്സരരംഗത്തുള്ള ഒട്ടുമിക്ക സ്ഥാനാർഥികളും പത്രിക നൽകി. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ നിരവധി വിമതർ പത്രിക നൽകിയിട്ടുണ്ട്. വിമതരെ മത്സരരംഗത്തുനിന്ന് പിൻമാറ്റാനുള്ള ശ്രമങ്ങൾ എല്ലാ മുന്നണികളും നടത്തുന്നു. സി.പി.എം ഉൾപ്പെടെ പാർട്ടികൾ വിമതർക്കെതിരെ ഇതിനകം നടപടികളും ആരംഭിച്ചു. ഉള്ളൂർ വാർഡിൽ മത്സരിക്കുന്ന വിമതനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. വിമതശല്യം യു.ഡി.എഫും പഞ്ചായത്തുകളിൽ ഉൾപ്പെടെ ഗൗരവമായാണ് കാണുന്നത്. 

Tags:    
News Summary - 7091 candidates submitted nomination in local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.