അന്തർ സംസ്​ഥാന സർവിസിന്​ കെ.എസ്​.ആർ.ടി.സി 100 ബസ്​ വാങ്ങും

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാ​ഗമായി 50 കോടി രൂപ ഉപയോ​ഗിച്ച് 100 ബസുകൾ വാങ്ങുമെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മൂന്ന് വ്യത്യസ്ത തരം ശ്രേണിയി​െല ബസുകളാണ്​ വാങ്ങുക. അന്തർ സംസ്​ഥാന യാത്രക്കാരെ ആകർഷിക്കാൻകൂടി ലക്ഷ്യമിട്ടാണിത്​. എട്ട്​ സ്ലീപ്പര്‍ എ.സി ബസുകള്‍ വാങ്ങും. തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ ഈ ശ്രേണിയിലുള്ള ബസുകള്‍ നിലവിൽ കെ.എസ്​.ആർ.ടി.സിക്കില്ല. ഇതി​ൻെറ വിജയം നോക്കിയാകും കൂടുതൽ ബസുകൾ വാങ്ങുക. 20 പ്രീമിയം എ.സി സീറ്റര്‍ ബസുകൾ, 72 എയര്‍ സസ്‌പെന്‍ഷന്‍ ബസുകള്‍ എന്നിവയും വാങ്ങും. എക്‌സ്‌പ്രസ്​ സർവിസുകൾക്ക്​ എയർ സസ്​പെൻഷൻ ബസുകൾ ഉപയോഗിക്കും. കൂടുതല്‍ ലഗേജ് സ്​ഥലം, ജി.പി.എസ് സംവിധാനം, മൊബൈല്‍ ചാര്‍ജിങ്ങിന് കൃത്യമായ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന വാഹനങ്ങളാകും വാങ്ങുക. സ്ലീപ്പർ ബസുകളിൽ കോവിഡ് കാലത്ത് യാത്രാക്കാർ തമ്മി​െല ദൂരപരിധി ഉറപ്പാക്കിയാകും സർവിസ് നടത്തുക. നേരത്തെ കിഫ്ബി വഴി 310 സി.എൻ.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാനും 400 ബസുകൾ എൽ.എൻ.ജിയിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. 460 ബസുകളാണ് ഈ വർഷം പുതുതായി വാങ്ങുന്നത്. കൂടുതൽ ദീർഘദൂര സർവിസുകൾ ഘട്ടംഘട്ടമായി എ.സി ലോഫ്ലോർ വോൾവോ സർവിസുകളിലേക്ക് മാറും. ഇത് വിജയകരമായാൽ പുഷ്ബാക്ക് സീറ്റുകൾ ഉയർന്ന ക്ലാസിൽ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.