വർക്കല നഗരസഭയിൽ എൽ.ഡി.എഫ് വരും: കെ.എം. ലാജി ചെയർമാനാകും

വർക്കല: നഗരസഭയിൽ എൽ.ഡി.എഫ് ഭരണ സമിതിയുണ്ടാക്കുമെന്നുറപ്പായി. സി.പി.എം ഏരിയ കമ്മിറ്റിയംഗമായ കെ.എം ലാജി ചെയർമാനാകും. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് സി.പി.ഐ. തെരഞ്ഞെടുപ്പിൽ 33 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 12ഉം, ബി.ജെ.പിക്ക് 11ഉം, കോൺഗ്രസിന് ഏഴും സീറ്റുകളാണ് ലഭിച്ചത്. മൂന്ന് സ്വതന്ത്രരും വിജയിച്ചു. കേവലഭൂരിപക്ഷം ആർക്കുമില്ല. എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ എൽ.ഡി എഫ് ഭരണസമിതിയുണ്ടാക്കും. മൂന്ന് സ്വതന്ത്രരിൽ പെരുംകുളത്തുനിന്നും വിജയിച്ച ശ്രേയസ് സംഘ്പരിവാർ പ്രവർത്തകനാണ്. ഇയാൾ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്നാണറിയുന്നത്. രാമന്തളിയിൽ നിന്നും വിജയിച്ച ആമിനാ അലിയാർ സി.പി.എം പ്രവർത്തകയാണ്. കഴിഞ്ഞതവണ മൽസരിച്ച് തോറ്റതിനാൽ ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. തന്മൂലമാണ് റിബലായി മൽസരിച്ചതും വിജയിച്ചതും. ആമിന സി.പി.എമ്മിനൊപ്പം തന്നെ നിൽക്കുമെന്നും അറിയുന്നു. പുത്തൻചന്ത വാർഡിൽ നിന്നും വിജയിച്ച സുദർശിനി കോൺഗ്രസ് റിബലായാണ് മൽസരിച്ചത്. ഇവരും സി.പി.എമ്മിനെ പിന്തുണക്കും. അപ്പോൾ പതിനാല് കൗൺസിലർമാരുടെ പിന്തുണ എൽ.ഡി.എഫിനുണ്ടാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായിത്തന്നെ എൽ.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ കെ.എം ലാജി തന്നെയാകും ചെയർമാനെന്ന് സി.പി.എം പറഞ്ഞിരുന്നു. ഇപ്പോഴും ആ തീരുമാനം തന്നെയാണുള്ളത്. വർക്കല കാർഷിക വികസന ബാങ്ക് പ്രസിഡൻറായ ലാജി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാണ്. അതേസമയം വൈസ് ചെയർപേഴ്സൺ ആരാകണമെന്നതിനെ സംബന്ധിച്ച് ആലോചനകൾ നടക്കുന്നുവെന്നാണ് അറിയുന്നത്. വൈസ് ചെയർപേഴ്സൺ വനിത സംവരണമാണ്. പരിചയസമ്പന്നരാരും സി.പി.എമ്മിൽ നിന്നും ജയിച്ചുവന്നിട്ടില്ല. സി.പി.ഐയുടെ ബീവിജാൻ മുൻ കൗൺസിലറാണ്. വൈസ് ചെയർപേഴ്സൺ സ്ഥാനം സി.പി.ഐക്ക് വേണമെന്ന അവകാശവാദം അവർ ഉന്നയിച്ചിട്ടുണ്ടെന്നറിയുന്നു. മൂന്ന് വനിത കൗൺസിലർമാർ സി.പി.എമ്മിനുണ്ട്. മൂവരും പുതുമുഖങ്ങളുമാണ്. ആ സാഹചര്യം പരിഗണിച്ച് നേരത്തേ ഒരുവട്ടം കൗൺസിലറായിരുന്ന ബീവിജാന് നൽകണമെന്നും സി.പി.ഐ ആവശ്യപ്പെട്ടത്രെ. നൽകുമോയെന്നത് കണ്ടറിയണം. സി.പി.എമ്മിന് പിന്തുണ നൽകുന്ന ആമിനാ അലിയാർ വൈസ് ചെയർപേഴ്സൺ സ്ഥാനം ചോദിച്ചിട്ടുണ്ടെന്നറിയുന്നു. എന്നാലിക്കാര്യത്തിൽ ആലോചനകൾ നടത്തി തീരുമാനമെടുക്കുമെന്നാണ് സി.പി.എം നേതൃത്വത്തിൽ നിന്നുറിയുന്നത്. വർക്കലയിൽ കോൺഗ്രസും ബി.ജെ.പിയും പ്രതിപക്ഷത്തിരിക്കും വർക്കല: നഗരസഭയിൽ ബി.ജെ.പിയും കോൺഗ്രസും പ്രതിപക്ഷത്തിരിക്കും. ബി.ജെ.പിക്ക് 11കൗൺസിലർമാരും കോൺഗ്രസിന് ഏഴിന്​ കൗൺസിലർമാരുമാണുള്ളത്. ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ്​ മൽസരിക്കാനുണ്ടാവില്ല. എന്നാൽ, ബി.ജെ.പി മൽസര രംഗത്തുണ്ടാവുമെന്നറിയുന്നു. വോട്ടെടുപ്പ് സമയത്ത് കോൺഗ്രസ്​ കൗൺസിലർമാർ വിട്ടുനിൽക്കാനാണ് തീരുമാനമെന്നറിയുന്നു. സ്വതന്ത്രരെ കൂടെ നിർത്തിയോ കോൺഗ്രസുമായി നീക്കുപോക്കുണ്ടാക്കിയോ നഗരസഭ ഭരണത്തിന് ശ്രമിക്കേണ്ടെന്നും പ്രതിപക്ഷത്തിരിക്കാനുമാണ് ബി.ജെ.പി ഇതിനകം കൈക്കൊണ്ടിട്ടുള്ള തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.