ചർച്ച തുടങ്ങി, ആരാകും മേയർ?

തിരുവനന്തപുരം: കോർപറേഷനിൽ മേയർ ആരാകണമെന്ന ചർച്ചകൾ സജീവം. മേയർ സ്ഥാനാർഥികളായി പരിഗണിച്ചിരുന്നവർ പരാജയപ്പെട്ടതോടെയാണ്​ തലസ്​ഥാന നഗരത്തി​ൻെറ ഭരണാധിപയെ നിശ്ചയിക്കാനുള്ള അണിയറ ചർച്ചകൾ സി.പി.എമ്മിൽ തുടരുന്നത​്​. 2015ൽ മേയറാകുമെന്ന് പ്രതീക്ഷിച്ചവരെല്ലാം പരാജയപ്പെട്ട ചരിത്രമുള്ളതുകൊണ്ട് ഇത്തവണ ആരെയും ഉയർത്തിക്കാട്ടാതെയാണ് എൽ.ഡി.എഫ് മത്സരരംഗത്തിറങ്ങിയത്. എങ്കിലും ഭരണം കിട്ടിയാൽ കുന്നുകുഴിയിൽ മത്സരിച്ച പ്രഫ. എ.ജി. ഒലീനയെ മേയറാക്കാനായിരുന്നു സി.പി.എം ജില്ല നേതൃത്വത്തിന് താൽപര്യം. പക്ഷേ, കോൺഗ്രസ് സ്ഥാനാർഥി മേരിപുഷ്പത്തോട് 469 വോട്ടുകൾക്കാണ് ഒലീന പരാജയപ്പെട്ടത്. യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള വാർഡിൽ ഒലീന പരാജയപ്പെടുകയാണെങ്കിൽ സി.പി.എം ജില്ല കമ്മിറ്റി അംഗമായിരുന്ന പുഷ്പലതയായിരുന്നു സി.പി.എമ്മിൻെറ പട്ടികയിലുള്ള മറ്റൊരാൾ. നാല് തവണ കൗൺസിലറായിരുന്ന പുഷ്പലത കഴിഞ്ഞ കൗൺസിലിലെ മരാമത്ത് സ്​റ്റാൻഡിങ് കൗൺസിൽ കമ്മിറ്റി ചെയർപേഴ്സണായിരുന്നു. എന്നാൽ, അഞ്ചാം അങ്കത്തിറങ്ങിയ പുഷ്പലത 184 വോട്ടുകൾക്കാണ് നെടുങ്കാട്ട് ബി.ജെ.പി സ്ഥാനാർഥി കരമന അജിത്തിനോട്​ പരാജയപ്പെട്ടത്. ഇതോടെ ഇനിയാര് എന്ന ചോദ്യമാണ് ജില്ല നേതൃത്വത്തിന് മുന്നിലുള്ളത്. പേരൂര്‍ക്കടയില്‍ നിന്ന്​ വിജയിച്ച ജമീലാ ശ്രീധരനിലേക്കാണ് ആദ്യഘട്ട ചർച്ചകൾ. സി.പി.എം നേതാവ് എന്‍. ശ്രീധര​​ൻെറ മകളായ ഇവർ പൊലീസ് ഫോറന്‍സിക് ലബോറട്ടറി ജോയൻറ് ഡയറക്ടറും മുൻ പി.എസ്.സി അംഗവുമായിരുന്നു. എന്നാൽ, കഴിഞ്ഞ തവണ മുതിർന്ന നേതാക്കളെ പിൻസീറ്റിലിരുത്തി വി.കെ. പ്രശാന്തിനെ മേയറാക്കിയതുപോലെ ഇത്തവണയും യുവനേതാവിനെ മേയറാക്കണമെന്ന തരത്തിൽ ചർച്ചകൾ ഒരുഭാഗത്ത് ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ വഞ്ചിയൂരിൽ നിന്ന് വിജയിച്ച ഗായത്രി എസ്. നായർ പരിഗണനയിലേക്കെത്തും. മുൻ കൗൺസിലർ വഞ്ചിയൂർ ബാബുവിൻെറയും സാക്ഷരത മിഷൻ ഡയറക്ടർ പി.എസ്. ശ്രീകലയുടെയും മകളാണ് ഗായത്രി. ഉന്നത വിദ്യാഭ്യാസ യോഗ്യതയും ഗായത്രിക്ക് മേൽ​ൈക്ക ലഭിക്കാൻ സാധ്യതയുണ്ട്. സി.പി.ഐക്ക് അവകാശപ്പെട്ട ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സി.പി.ഐയുടെ മുതിർന്ന നേതാവ് പി.കെ. രാജുവിനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.