വിടവാങ്ങിയത്​ കാർഷികമേഖലയെ ഉൗർജ്വസ്വലമാക്കിയ ജനകീയ ശാസ്ത്രജ്ഞൻ

ആറ്റിങ്ങല്‍: കേരളത്തി​ൻെറ കാര്‍ഷിക മേഖലയില്‍ പുതിയ ആശയങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്​ടിച്ച ശാസ്ത്രജ്ഞനായിരുന്നു ആര്‍. ഹേലി. സംസ്​ഥാനത്ത്​ ഫാം ജേണലിസത്തി​ൻെറ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. കാര്‍ഷിക അറിവുകൾ സമൂഹത്തിന് പകര്‍ന്നുനല്‍കുന്നതിലും കൃഷി സംസ്‌കാരത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതിലും കര്‍ഷകരുടെ സംശയ നിവാരണത്തിനും പുതിയ കാര്‍ഷിക വിവരങ്ങള്‍ കര്‍ഷകരിലെത്തിക്കുന്നതിലും ഫാം ജേണലിസം സഹായകമായി. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എഡിറ്റര്‍ എന്നീ നിലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം എല്ലാ മാധ്യമ സംവിധാനങ്ങളെയും അദ്ദേഹം കൃഷി അറിവ് പങ്കിടലിന് പ്രയോജനപ്പെടുത്തി. ഇംഗ്ലീഷിലും മലയാളത്തിലുമായി ആയിരത്തിലേറെ ലേഖനങ്ങള്‍ അദ്ദേഹം രചിച്ചു. ദൂരദര്‍ശനിലെ നാട്ടിന്‍പുറം, നൂറുമേനിയുടെ കൊയ്ത്തുകാര്‍, ആകാശവാണിയിലെ വയലും വീടും എന്നീ പരിപാടികളും അദ്ദേഹത്തി​ൻെറ ശ്രമഫലമായി ഉണ്ടായതാണ്. കാര്‍ഷിക വിജ്ഞാനം പകര്‍ന്നുനല്‍കുന്നതിന് എല്ലാ സാധ്യതകളെയും അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. വിരമിച്ചതിനു ശേഷവും ദീര്‍ഘകാലം കൃഷി സംബന്ധിയായ കൈപ്പുസ്തകങ്ങള്‍ സംസ്ഥാന സര്‍ക്കാറിനുവേണ്ടി തയാറാക്കിയിരുന്നതും വിവിധ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും ആര്‍. ഹേലിയാണ്. കേരളത്തി​ൻെറ കാര്‍ഷിക മേഖലയെ ഊര്‍ജസ്വലമാക്കിയ ജനകീയ പദ്ധതിയായ ഗ്രൂപ്​ ഫാമിങ്​ സമ്പ്രദായം വളര്‍ത്തിയെടുത്തതും ആര്‍. ഹേലിയായിരുന്നു. കൃഷിഭവനുകൾ തുടങ്ങിയതും അദ്ദേഹത്തി​ൻെറ കാലത്താണ്​. കാര്‍ഷികരംഗത്ത് വികാസം പ്രാപിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ ഗുണപരമായ നേട്ടങ്ങള്‍ ഇവിടെ പ്രാവര്‍ത്തികമാക്കാനും അദ്ദേഹം ശ്രമിച്ചു. ഉല്‍പാദന വര്‍ധനക്കൊപ്പം തന്നെ ന്യായ വിലയ്ക്കുള്ള വില്‍പന ഉറപ്പുവരുത്താനും ശ്രമിച്ചു. അമിത രാസവള പ്രയോഗത്തിനെതിരെയും അദ്ദേഹം നിലപാടെടുത്തിരുന്നു. അടിവളമായി ജൈവവളം തന്നെ ഉപയോഗിക്കണമെന്നും മേല്‍വളമായി മാത്രം രാസവളം പ്രയോഗിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. മണ്ണി​ൻെറ സന്തുലിതാവസ്ഥ നിലനിര്‍ത്താനുതകുന്ന രീതിയിലുള്ള കൃഷി രീതികളാണ് അദ്ദേഹം വിഭാവനം ചെയ്തിരുന്നത്. കാർഷിക സംബന്ധമായ സേവനം ആർക്ക് ആവശ്യമുണ്ടെങ്കിലും അത് സർക്കാർ എന്നോ സ്വകാര്യം എന്നോ വ്യത്യാസമില്ലാതെ ലഭ്യമാക്കാൻ ബദ്ധശ്രദ്ധനായിരുന്ന ശാസ്​ത്രജ്​ഞനെയാണ്​ കേരളത്തിന്​ നഷ്​ടമായിരിക്കുന്നത്​. കെ.നിസാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.