പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കണം -ജസ്​റ്റിസ് ആൻറണി ഡൊമിനിക്ക്

തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ മനുഷ്യാവകാശ നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്. സംസ്ഥാന മനുഷ്യാവകാശ കമീഷൻ ലോക മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വെബിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമീഷൻ ഉത്തരവുകൾ സർക്കാറും ബന്ധപ്പെട്ട ഏജൻസികളും ഒരു വലിയ പരിധി വരെ നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടപ്പാക്കാത്ത ഉത്തരവുകൾ നടപ്പാക്കുന്നതിനുള്ള നടപടികൾ കമീഷൻ സ്വീകരിച്ച് വരുന്നുണ്ട്. രാജ്യത്ത് ഇന്നും സാധാരണക്കാരുടെ മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്നതായി നിരവധി പരാതികൾ ഉയരുന്നുണ്ട്. വ്യാജ ഏറ്റുമുട്ടൽ മരണങ്ങളെ കുറിച്ചും പരാതികൾ ഉയരുന്നുണ്ട്. മനുഷ്യാവകാശ കമീഷനുകളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുകയാണ് മനുഷ്യാവകാശ ലംഘനങ്ങൾ തടയാനുള്ള മാർഗം. കോവിഡ് മഹാമാരിയുടെ വ്യാപനം കാരണം നിർത്തി​വെക്കേണ്ടി വന്ന കമീഷ​ൻെറ ജില്ല തല സിറ്റിംഗുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭരണകൂടങ്ങൾ മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങൾക്കുമേൽ കടന്നുകയറുമ്പോൾ അത് തടയുക എന്ന വെല്ലുവിളിയാണ് മനുഷ്യവകാശ കമീഷൻ ഏറ്റെടുക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്​റ്റഡീസ് (നുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി പറഞ്ഞു. കമീഷൻ നൽകുന്ന ഉത്തരവുകൾ ഉദ്യോഗസ്ഥർ നടപ്പാക്കണമെന്നത് നിയമപരമായ ബാധ്യതയാണെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് പറഞ്ഞു. അതിൽനിന്ന് ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തി​ൻെറ അടിത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് കമീഷൻ നടത്തുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്ന് അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരും പൊതുജനങ്ങളും വെബിനാറിൽ പങ്കെടുത്തു. കമീഷൻ സെക്രട്ടറി ടി. വിജയകുമാർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.