കുന്നുകുഴിയിൽ ആരുടെ വിജയപ്പെരുമ്പറ മുഴങ്ങും?

തിരുവനന്തപുരം: നഗരസഭാ തെരഞ്ഞെടുപ്പിൽ ഏറെ ​​ശ്രദ്ധിക്കപ്പെടുന്നതാണ്​ എ.കെ.ജി സൻെറർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡി​ലേത്​. കുന്നുകുഴിയിലെ സി.പി.എമ്മിൻെറ പരാജയത്തെ ഇടത് സർക്കാറിൻെറ ഭരണവിലയിരുത്തലായിപ്പോലും പ്രതിപക്ഷം വ്യാഖ്യാനിച്ചിട്ടുണ്ട്. സി.പി.എമ്മിനെ സംബന്ധിച്ച് കുന്നുകുഴിയിലെ വിജയം അഭിമാന​​പ്രശ്​നമാണ്. യു.ഡി.എഫിൻെറ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലൊന്നായാണ് കുന്നുകുഴിയെ കണക്കാക്കുന്നതെങ്കിലും ഇവിടത്ത വോട്ടർമാരെ സംബന്ധിച്ച് ഒരു മുന്നണിയെയും അധികകാലം ചേർത്തുനിർത്തിയ ചരിത്രമില്ല. ബി.ജെ.പിക്ക് കാലുറപ്പിക്കാൻ കഴിയാത്ത വാർഡിൽ സി.പി.എമ്മിനെയും കോൺഗ്രസിനെയും മാറി മാറി തുണച്ചിട്ടുണ്ട് വോട്ടർമാർ. 2010ൽ യു.ഡി.എഫ് സ്ഥാനാർഥിയായ മേരി പുഷ്പം മൂന്ന് വോട്ടുകൾക്കാണ് ഇടത് സ്ഥാനാർഥിയായിരുന്ന ഐഷാ ബേക്കറിനെ പരാജയപ്പെടുത്തിയത്. 2015ൽ സി.പി.എം വാർഡ് തിരിച്ചുപിടിച്ചു. അന്ന് 148 വോട്ടിനായിരുന്നു യൂത്ത് കോൺഗ്രസ് നേതാവായിരുന്നു വിനോദ് യേശുദാസിനെ സി.പി.എമ്മിൻെറ യുവനേതാവ് ഐ.പി. ബിനു തോൽപിച്ചത്​. കോൺഗ്രസിൻെറ റെബൽ സ്ഥാനാർഥിയായിരുന്ന കുന്നുകുഴി സുരേഷ് പിടിച്ച വോട്ടുകളും ഐ.പിയുടെ വിജയത്തിന് കാരണമായി. അതുകൊണ്ടുതന്നെ ഇപ്പോഴും കുന്നുകുഴി ഒരു സുരക്ഷിത വാർഡായി കരുതാൻ സി.പി.എമ്മിന് കഴിയില്ല. ഇവിടെയാണ് മേയറാക്കാൻ സി.പി.എം കണ്ടു​െവച്ചിരിക്കുന്ന പ്രഫ. എ.ജി. ഒലീനയെ പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞതവണ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച്​ രംഗത്തിറക്കിയ മുൻ മേയർ സി. ജയൻബാബുവടക്കം പരാജയപ്പെട്ട അനുഭവമുള്ളതിനാൽ ഏറെ കരുതലോടെയാണ് സി.പി.എം ഇത്തവണ പ്രചാരണരംഗത്തുള്ളത്. ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട്​ റിസര്‍ച് ഓഫിസര്‍, എം.ജി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, കേരള യൂനിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗം, മലയാള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, എം.ജി കോളജ് മലയാളം പ്രഫസര്‍ തുടങ്ങിയ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒലീനയുടെ കന്നിയങ്കമാണ്. സി.പി.എമ്മിന് 2010ൽ ഷോക് ട്രീറ്റ്​മൻെറ് നൽകിയ മേരി പുഷ്പത്തെയാണ് വാർഡ് തിരിച്ചുപിടിക്കാൻ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. കെ.പി.സി.സി ഒ.ബി.സി സംസ്ഥാന സെക്രട്ടറി, തയ്യല്‍ തൊഴിലാളി യൂനിയന്‍ സംസ്ഥാന സെക്രട്ടറി, പട്ടം ബ്ലോക്ക് സെക്രട്ടറി, കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയന്‍ ജില്ല വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയം മേരി പുഷ്പത്തിനുണ്ട്. അതേസമയം മാറ്റം വരണമെങ്കിൽ ബി.ജെ.പി വരണമെന്ന മുദ്രാവാക്യവുമാണ് ബി.ജെ.പിക്കായി ഒ. ബിന്ദു കുന്നുകുഴിയിലെ ഗോദയിലുള്ളത്. മഹിളാ മോര്‍ച്ച മുന്‍ ജില്ല പ്രസിഡൻറ്, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം, പ്രധാനമന്ത്രി ജനക്ഷേമ പദ്ധതി കോ കണ്‍വീനര്‍ എന്നീ നിലകളിൽ പ്രവർത്തനപരിചയമുള്ള ബിന്ദുവിൻെറ കന്നിയങ്കമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.