വർക്കല നഗരസഭ: വമ്പന്മാർ വീഴുമോ, വാഴുമോ...

വർക്കല: ആകെയുള്ള 33 വാർഡുകളിലായി 134 സ്ഥാനാർഥികളുള്ള വർക്കല നഗരസഭയിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് പതിയെ ഓടിക്കയറുകയാണ്. വമ്പന്മാരുടെ പോരാട്ടത്താൽ ശ്രദ്ധിക്കപ്പെടുകയാണ് ഇത്തവണ വർക്കല നഗരസഭ. എൽ.ഡി.എഫും യു.ഡി.എഫും എർ.ഡി.എയും കൂടുതലായും പോരാട്ടത്തിനിറക്കിയത് പുതുമുഖങ്ങളെയും പ്രത്യേകിച്ച് യുവ നേതൃനിരയിലെ ശക്തരായ ഭാരവാഹികളെയുമാണ്. എൽ.ഡി.എഫിൽ കെ.എം. ലാജി, വി. നിതിൻ, കെ.സി. മോഹനൻ, നായർ, വി. സുനിൽ, ബി. വിശ്വൻ, ബിന്ദു ഹരിദാസ് എന്നിവരാണ് പ്രധാനികൾ. ടീച്ചേഴ്സ് കോളനി വാർഡിലാണ് കെ.എം. ലാജിയുടെ മത്സരം. 2005 -2010 കാലത്ത് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരുന്നു. 2010ൽ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫി​ൻെറ ചെയർമാൻ സ്ഥാനാർഥിയായിരുന്നു. മുനിസിപ്പൽ വാർഡിലായിരുന്നു മത്സരം. എതിരാളി കോൺഗ്രസിലെ കെ. സൂര്യപ്രകാശിനോട് പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ വീണ്ടും എൽ.ഡി.എഫി​ൻെറ ചെയർമാൻ സ്ഥാനാർഥിയാണ് ലാജി. സുരക്ഷിതമെന്നനിലയിലാണ് ഹോം വാർഡെന്ന നിലയിൽ ടീച്ചേഴ്സ് കോളനിയിൽ സ്ഥാനാർഥിയാക്കിയത്. എന്നാലിവിടെ സി.പി.എമ്മിലെ പ്രമുഖനായ വി. ബൽറാം വിമത സ്വതന്ത്രനായി മത്സരിക്കുകയാണ്. 2000ൽ സ്വതന്ത്രനായും 2005ൽ സി.പി.എം സ്ഥാനാർഥിയായും ബൽറാം ഇതേ വാർഡിൽനിന്ന്​ ജയിച്ചിട്ടുണ്ട്. ബൽറാമിനെ ഇപ്പോൾ സി.പി.എം പുറത്താക്കിയിട്ടുണ്ടെങ്കിലും വാർഡിൽ ഇദ്ദേഹം ശക്തനാണ്. എതിരാളിയായ ബൽറാമും യു.ഡി.എഫിലെ ആർ.എസ്.പിയുടെ സനീഷും മുൻ കോൺഗ്രസ് കൗൺസിലറും സ്വതന്ത്രനുമായ ജയശങ്കറും ശക്തമായി രംഗത്തുണ്ട്. ഇവിടെ ശക്തമായ ചതുഷ്കോണ മത്സരമാണുള്ളത്. പുല്ലാന്നിക്കോട് വാർഡിൽ നിലവിലെ ചെയർപേഴ്സണായ ബിന്ദു ഹരിദാസിനിത് അഞ്ചാം മത്സരമാണ്. ഇക്കുറി സ്ഥാനാർഥി പട്ടികയിൽ സി.പി.എം പരിഗണിച്ചിരുന്നില്ല. എന്നാൽ, അവസാനവട്ടം സകലരെയും അമ്പരപ്പിച്ചുകൊണ്ട് പുല്ലാന്നിക്കോട്ട് ഇവർ സ്ഥാനാർഥിയാകുകയായിരുന്നു. എതിരാളി കോൺഗ്രസിലെ യുവനേതാവ് ഡോ. ഇന്ദുലേഖയാണ്. നാട്ടുകാരിയും രാഷ്​ട്രീയത്തിനതീതമായി പരക്കെ സ്വീകാര്യതയുമുള്ള ഇന്ദുലേഖയെ എതിരിട്ട്​ തോൽപിക്കുകയെന്ന കനത്ത വെല്ലുവിളിയാണ് ബിന്ദു ഹരിദാസ് നേരിടുന്നത്. അയണിക്കുഴിവിളയിൽ സി.പി.എമ്മിലെ മുൻ കൗൺസിലർ കെ.സി. മോഹന് നിനച്ചിരിക്കാതെ ശക്തരായ രണ്ട് എതിരാളികളെയാണ് നേരിടേണ്ടിവരുന്നത്. കോൺഗ്രസിലെ പി. സുധീഷും ബി.ജെ.പിയിലെ അനീഷും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. പെരുംകുളത്ത് മുൻ സി.പി.എം ലോക്കൽ സെക്രട്ടറി ബി. വിശ്വന് നേരിടേണ്ടിവരുന്നത് കോൺഗ്രസിലെ പ്രമുഖനായ അജി വേളിക്കാടിനെയാണ്. ഒപ്പം ഇവിടെ ബി.ജെ.പി റെബലായ ശ്രേയസും കടുത്ത മത്സരമാണ് ഉയർത്തുന്നത്. മുനിസിപ്പൽ വാർഡിൽ നിലവിലെ സി.പി.എം ലോക്കൽ സെക്രട്ടറിയും യുവനേതാവുമായ നിതിൻ നായരും കനത്ത മത്സരത്തിലാണ്. ഇവിടെ കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ നാലുപേരാണ് രംഗത്തുണ്ടായിരുന്നത്. തർക്കം പരിഹരിക്കൽ കോൺഗ്രസിന് മുന്നിൽ കീറാമുട്ടിയായി. ഒടുവിൽ ഉമാദേവി ബി.ജെ.പിയുടെ സ്ഥാനാർഥിയായി. മറ്റു രണ്ടുപേർ അവസാനം പിൻവാങ്ങിയതോടെ പ്രമുഖനായ എസ്.എൻ.ഡി.പി നേതാവ്​ അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്​ സ്ഥാനാർഥിയായി. അതിശക്തമായ ത്രികോണമത്സരമാണ് ഈ വാർഡിൽ നടക്കുന്നത്. ഹോസ്പിറ്റൽ വാർഡിലെ സി.പി.എം സ്ഥാനാർഥിയായ വി. സുനിലിൽ മുൻ കൗൺസിലറും കർഷകസംഘം ഏരിയാ സെക്രട്ടറിയുമാണ്. കോൺഗ്രസിലെ അഡ്വ. സുരേഷും ബി.ജെ.പിയിലെ അഡ്വ. അനിൽകുമാറും ഉശിരൻ മത്സരമാണ് ഉയർത്തുന്നത്. ശക്തമായ ത്രികോണ മത്സരമാണിവിടെ. കോൺഗ്രസിലെ പ്രമുഖർ പി.എം. ബഷീർ, എസ്. ജയശ്രീ, ബിജു ഗോപാലൻ, എൻ. അശോകൻ എന്നിവരാണ്. ഇവരെക്കൂടാതെ നിലവിലെ കൗൺസിലർമാരായ പ്രസാദ്, പ്രദീപ്, സലീം, എ.ആർ. രാഗശ്രീ, ജസീന ഹാഷിം എന്നിവരുമുണ്ട്. കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ ചെയർമാനാകുമെന്ന് ഏതാണ്ടുറപ്പിച്ച പി.എം. ബഷീർ കോട്ടുമൂല വാർഡിലാണ് മത്സരിക്കുന്നത്. പാർലമൻെററി രാഷ്​ട്രീയത്തിൽനിന്ന്​ വിട്ടുനിന്ന ഇദ്ദേഹം കെ.പി.സി.സി നിർദേശമനുസരിച്ചാണ് ആദ്യമായി മത്സരിക്കുന്നത്. കോൺഗ്രസിൽ ആരും അവകാശവാദമുന്നയിക്കാതിരുന്ന കോട്ടുമൂല അദ്ദേഹം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. നിലവിലിവിടം സി.പി.ഐയുടെ സീറ്റാണ്. സി.പി.ഐയുടെ അമാനുല്ലയാണ് എതിർ സ്ഥാനാർഥി ബി.ജെ.പിയുടെ മണ്ഡലം പ്രസിഡൻറ്​ അജുലാലും ലീഗിലെ യാക്കൂബുമുണ്ട്. ഇവിടെയും ത്രികോണ മത്സരമാണ്. മുൻ ആക്ടിങ് ചെയർമാനും രണ്ടുതവണ വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനുമായിരുന്ന ബിജു ഗോപാലൻ മത്സരിക്കുന്നത് പുന്നമൂട് വാർഡിലാണ്. എതിരാളി സി.പി.ഐയിലെ പ്രവീണാണ്. ബി.ജെ.പിയുടെ ഉണ്ണികൃഷ്ണനും മികച്ച മത്സരമാണ് കാഴ്ചവെക്കുന്നത്. രാഷ്​ട്രീയത്തിനപ്പുറം കലാ, സാംസ്കാരിക പാരമ്പര്യമുള്ള പുന്നമൂട്ടിൽ ത്രികോണ മത്സരമാണുള്ളത്. ജവഹർ പാർക്കിൽ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ. അശോകനാണ് പ്രമുഖ സ്ഥാനാർഥി. ജനറൽ സീറ്റിൽ സിറ്റിങ് കൗൺസിലർ ബിന്ദുവിനെതന്നെ സി.പി.എം സ്ഥാനാർഥിയാക്കി നല്ല മത്സരം ഉറപ്പിച്ചു. ബി.ജെ.പിയുടെ ചാലുവിളയിലെ സിറ്റിങ് കൗൺസിലർ സുനിൽകുമാറും നല്ല മത്സരത്തിലാണ്. ഇവിടെയും ശക്തമായ ത്രികോണ മത്സരമാണ്. നാലുതവണ കൗൺസിലറായ വനിതാ സ്ഥാനാർഥികളിൽ പ്രമുഖയായ എസ്. ജയശ്രീ സിറ്റിങ് വാർഡായ ഇടപ്പറമ്പിൽതന്നെയാണ് മത്സരിക്കുന്നത്. നേരത്തേ മൂന്നുതവണ ജയശ്രീ ഇവിടന്ന് ജയിച്ചിരുന്നു. ഇവിടെ കോൺഗ്രസ് റെബൽ അരുൺ സ്വതന്ത്രനായി രംഗത്തുണ്ടെങ്കിലും പ്രധാന എതിരാളി സി.പി.എമ്മിലെ ജയചന്ദ്രനാണ്. കോൺഗ്രസിലെ സിറ്റിങ് കൗൺസിലർമാരായ എസ്. പ്രസാദ് നടയറയിൽ സി.പി.എമ്മിലെ സതീശനെ നേരിടുന്നു. പ്രദീപ് മത്സരിക്കുന്ന ചെറുകുന്നത്ത് റെബലുണ്ടെങ്കിലും സി.പി.എമ്മിലെ ഷിബിയാണ് എതിരാളി. സലിം മത്സരിക്കുന്ന മൈതാനം വാർഡിൽ മുഖ്യ എതിരാളി സി.പി.എമ്മിലെ ഹുബൈബുല്ലയാണ്. ഇവിടെ ലീഗും ബി.ജെ.പിയും രംഗത്തുണ്ട്. പണയിൽ വാർഡിൽ യൂത്ത് കോൺഗ്രസ് നേതാവ്​ റിസ്വാൻ റവൂഫ് മത്സരിക്കുന്നു. വർക്കലയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ നഗരസഭാ വൈസ് ചെയർമാനുമായിരുന്ന എ.എ. റവൂഫി​ൻെറ മകൻ റിസ്വാൻ കടുത്ത മത്സരത്തെയാണ് നേരിടുന്നത്. സി.പി.എമ്മിലെ ഷംസുദ്ദീനാണ് മുഖ്യ എതിരാളി. ലീഗിലെ നൈസാം ദാവൂദും വെൽഫെയർ പാർട്ടി നേതാവ് സവാദ് ദാവൂദ് സ്വതന്ത്രനായും ബി.ജെ.പിയുടെ എൻ. രാജീവും മത്സരിക്കുന്നുണ്ട്. ഇവിടെ അതിശക്തമായ ചതുഷ്കോണ മത്സരമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.