പോരാട്ട വീര്യത്തിൽ ഏഴാം വാർഡ്

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിലെ മത്സരത്തിനും പ്രചാരണത്തിലും വാശിയേറെയാണ്. ഈ വാർഡിൽ മത്സരിക്കുന്ന സ്​ഥാനാർഥികളുടെ പേരിലുമുണ്ട് സാമ്യം. തീ പാറുന്ന പോരാട്ടം നടക്കുന്ന ഏഴാം വാർഡിൽ മത്സരം ഏറെ പ്രതീക്ഷയോടെയാണ്​ പാർട്ടിക്കാരും വോട്ടർമാരും കാണുന്നത്. എന്നാൽ, ഇതേ വാർഡിലെ പ്രമുഖ സ്​ഥാനാർഥികളുടെ പേരിലെ ഒരുമയും ഏറെ ചർച്ചാ വിഷയമാണ്. എൽ.ഡി.എഫ് സ്​ഥാനാർഥി എം.എച്ച്. സലീം, യു.ഡി.എഫ് സ്​ഥാനാർഥി എ.എം. സുധീർ, എസ്​.ഡി.പി.ഐ സ്​ഥാനാർഥി എം. സക്കീർ ഹുസൈൻ, ബി.ജെ.പി സ്​ഥാനാർഥി എ.എസ്​. സുധാകർ എന്നിവരാണ് മത്സര രംഗത്തുള്ളത്. പേരിൽ ഒരുമയുണ്ടെങ്കിലും മത്സരത്തിൽ വിട്ടുവീഴ്ചയില്ല. എല്ലാ തവണയും തുച്ഛമായ വോട്ടിനാണ് ഇവിടെ മത്സരിക്കുന്ന സ്​ഥാനാർഥികൾ തോൽക്കുകയും വിജയിക്കുകയും ചെയ്യുന്നത്. നിസ്സാര വോട്ടിലെ വിജയം കാരണം പലരും രാവും പകലും വാർഡിൽ കിണഞ്ഞു പരിശ്രമിക്കുന്നു. മത്സരത്തിന് മുന്നോടിയായി പ്രദേശത്തെ ചുവരുകളിലേറെയും സ്​ഥാനാർഥികളുടെ വിവിധ വർണത്തിലുള്ള പോസ്​റ്ററുകളാണിറങ്ങുന്നത്. പാർട്ടി ഓഫിസുകളും അലങ്കരിച്ച് പോരാട്ടം നടക്കുന്നു. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കുമുമ്പ് തന്നെ പ്രചാരണവും സജീവമാക്കി. വോട്ടർമാർക്ക് ആവശ്യത്തിനുള്ള വാഗ്​ദാനങ്ങളും അവശ്യ സാധനങ്ങളും നൽകി മാസങ്ങൾക്കുമുമ്പ് തന്നെ പലരും അവരവരുടെ വോട്ടുമുറപ്പിച്ചിരുന്നു. ഇത്തവണത്തെ മത്സരത്തിൽ വിട്ടുവീഴ്ചയില്ലാതെ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണികളെല്ലാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.