പകരംവെക്കാനില്ലാത്ത ജനകീയ നേതാവ്

ജനകീയതയാണ് ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ വിശേഷത. ഒരുവിധ ഭയാശങ്കയും കൂടാതെ ചെന്നുകാണാം. കാര്യങ്ങള്‍ സംസാരിക്കാം. സാധാരണ ആളുകള്‍ തന്നെ വന്നുകണ്ട് പറയുന്ന കാര്യങ്ങള്‍ കേട്ട പാതി; കേള്‍ക്കാത്ത പാതി എന്ന നിലയില്‍ തള്ളിക്കളയുന്ന ശീലം ഉമ്മന്‍ ചാണ്ടിക്കില്ല എന്നതാണ് അദ്ദേഹത്തി​ൻെറ പ്രത്യേകത. ജനങ്ങള്‍ വന്നുകണ്ടു പറയുന്ന കാര്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കഴിയുന്നത്ര വേഗത്തില്‍ പരിഹാരം കാണാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതയില്‍നിന്ന് പടര്‍ന്നു പന്തലിച്ച പ്രതിഭാസമാണ് അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കെ, നടത്തിയ ജനസമ്പര്‍ക്ക പരിപാടികള്‍ ഉമ്മന്‍ ചാണ്ടിയുടെ ജനകീയതയുടെയും പ്രശ്‌നപരിഹാര ശൈലിയുടെയും ഉത്തമ ഉദാഹരണമാണ്. ഈ ജനകീയതക്ക്​ മാറ്റുകൂട്ടുന്നതാണ് ഉമ്മന്‍ ചാണ്ടി എപ്പോഴും പുലര്‍ത്തുന്ന സാധാരണത്വം. നേതാക്കള്‍ക്കിടയിലെ ഔന്നത്യം അദ്ദേഹത്തെ ഒട്ടുംതന്നെ അപ്രാപ്യനാക്കാറില്ല. സാധാരണക്കാരായ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അദ്ദേഹത്തോട് അടുപ്പിക്കുന്നതും ഈ സാധാരണത്വമാണ്. അധികം ആരും ശ്രദ്ധിക്കാത്ത അദ്ദേഹത്തി​ൻെറ മറ്റൊരു പ്രത്യേകത അദ്ദേഹത്തി​ൻെറ ആലോചനശീലമാണ്. സൂക്ഷ്മമായ ആലോചനയുടെ ഫലമാണ് അദ്ദേഹത്തി​ൻെറ പ്രതികരണങ്ങളെല്ലാം. നല്ലതുപോലെ ചിന്തിച്ചുമാത്രമേ അദ്ദേഹം പ്രശ്‌നങ്ങളോടും ആളുകളോടും പ്രതികരിക്കാറുള്ളൂ. എടുത്തുചാട്ടം അദ്ദേഹത്തി​ൻെറ നിഘണ്ടുവിലില്ല. പരാജയപ്പെടാത്ത ഓര്‍മശക്തിയാണ് അദ്ദേഹത്തി​ൻെറ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. എത്രയെത്ര പ്രശ്‌നങ്ങളാണ്, കാര്യങ്ങളാണ് ഓരോ ദിവസവും അദ്ദേഹത്തി​ൻെറ മുന്നിലെത്തുന്നത്! അക്കാര്യങ്ങളെല്ലാം, അവ അവതരിപ്പിക്കുന്ന വ്യക്തികളെയും അദ്ദേഹം ത​ൻെറ ഓര്‍മശക്തിയില്‍ കുറിച്ചിടുന്നതില്‍ നന്നായി വിജയിക്കാറുണ്ട്. 'ഞാന്‍ മറന്നുപോയി' എന്നൊരു വാചകം ഉമ്മന്‍ ചാണ്ടിയില്‍നിന്ന്​ ആരും കേട്ടിരിക്കാനിടയില്ല. കേരളം കണ്ട ഏറ്റവും പ്രഗല്​ഭരായ ധനകാര്യമന്ത്രിമാരില്‍ മുന്‍നിരയിലാണ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനമെന്ന് അദ്ദേഹത്തി​ൻെറ നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങള്‍ തെളിയിക്കുന്നു. സംസ്ഥാനത്തി​ൻെറ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള സമഗ്ര ചിത്രങ്ങള്‍ ആ പ്രസംഗങ്ങളില്‍ കാണാം. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും തന്നെ അദ്ദേഹത്തി​ൻെറ മനസ്സില്‍ നിന്ന്​ വഴുതിമാറാറില്ല. നൂതനമായ ആശയങ്ങളോട് എന്നും അതീവ താല്‍പര്യം കാണിക്കുന്ന മനഃസ്ഥിതിയാണ് അദ്ദേഹത്തിനുള്ളത്. പുതിയ ആശയഗതികളോടും നിര്‍ദേശങ്ങളോടും അദ്ദേഹം പ്രത്യേകം താല്‍പര്യം കാണിക്കാറുണ്ട്. അവ നന്നായി ശ്രദ്ധിക്കും. അവയുടെ എല്ലാ വശങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ച് മനസ്സിലാക്കും. അവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ചിന്തിക്കുകയും ചെയ്തശേഷം മാത്രമേ അവ അദ്ദേഹം ഏറ്റെടുക്കുകയുള്ളൂ. ഇങ്ങനെ ഏത് കാര്യവും സമഗ്രമായും സൂക്ഷ്മമായും മനസ്സിലാക്കാനുള്ള അസാധാരണ താല്‍പര്യമാണ് അദ്ദേഹത്തി​ൻെറ മറ്റൊരു പ്രത്യേകത. അനുരഞ്​ജനം, ഏകോപനം എന്നീ പ്രയാസമേറിയ രാഷ്​ട്രീയ പ്രക്രിയകളില്‍ ഇത്രയേറെ പ്രാഗല്​ഭ്യവും വൈദഗ്ധ്യവും തെളിയിച്ചിട്ടുള്ള മറ്റൊരു നേതാവ് സംസ്ഥാനത്തില്ലെന്ന് അനായാസം പറയാന്‍ കഴിയും. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ എത്ര സമയം ചെലവഴിക്കാനും എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം എപ്പോഴും തയാറാണ്. ഉമ്മന്‍ ചാണ്ടി ഒരിക്കലും അവകാശപ്പെടാത്തതും എന്നാല്‍, എല്ലാവരും ഒരു മടിയും കൂടാതെ അംഗീകരിക്കുന്നതുമായ മറ്റൊരു സവിശേഷതയാണ് അദ്ദേഹത്തി​ൻെറ നേതൃപാടവം. നേതൃത്വം തേടിപ്പോകുക എന്നതല്ല അദ്ദേഹത്തി​ൻെറ ശൈലി. നേതൃത്വം അദ്ദേഹത്തെ അന്വേഷിച്ചെത്തും എന്നതാണ് എപ്പോഴും കാണപ്പെട്ടിട്ടുള്ളത്. ഉമ്മന്‍ ചാണ്ടിയുമായി അടുക്കുന്നവര്‍ക്ക് അദ്ദേഹം അവരുടെ സ്വന്തമാണെന്ന് തോന്നുമെങ്കിലും ഉമ്മന്‍ ചാണ്ടി എല്ലാവരുടെയും സ്വന്തമാണ്. ഏതു സമസ്യക്കും ഉമ്മന്‍ ചാണ്ടിക്ക് ഞൊടിയിടയില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. ആ വിശ്വാസത്തി​ൻെറ പുറത്താണ് പുതുപ്പള്ളിയിലെ വീട് തേടിയും ഉമ്മന്‍ ചാണ്ടി എവിടെയാണോ അവിടെയെല്ലാം ആള്‍ക്കൂട്ടം എത്തുന്നതും. 'എതിരാളികളുടെ ദൗര്‍ബല്യത്തിലല്ല നമ്മുടെ കഴിവിലും ശക്തിയിലും പരിശ്രമത്തിലുമാണ് വിശ്വസിക്കേണ്ടത്'- അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് ഉമ്മന്‍ ചാണ്ടി. തമ്പാനൂര്‍ രവി കെ.പി.സി.സി ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.