വിമാനത്താവളത്തില്‍ അദാനിക്ക് കടക്കാന്‍ കടമ്പകളേറെ

ശംഖുംമുഖം: വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അദാനിക്ക് തീറെഴുതിയെങ്കിലും തിരുവനന്തപുരത്ത്​ അദാനിക്ക് കടക്കാന്‍ കടമ്പകളേറെ. ഇവയിൽ പലതിനും സംസ്ഥാന സര്‍ക്കാറി​ൻെറയും പ്രദേശവാസികളുടെയും പൂര്‍ണ പിന്തുണ വേണം. നിലവില്‍ സുരക്ഷ ഏജന്‍സിയുടെ താല്‍ക്കാലിക ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിന് സ്ഥിരം ലൈസന്‍സ് കിട്ടണമെങ്കില്‍ ഇൻറര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) മാനദണ്ഡം പ്രകാരമുള്ള ബേസിക്​ സ്ട്രിപ്​ റണ്‍വേയില്‍ ഉണ്ടാകണം. നിലവിലെ റണ്‍വേയില്‍ അതിനുള്ള സ്ഥലസൗകര്യമില്ല. ചാക്ക ഭാഗത്തുനിന്ന്​ 13 ഏക്കര്‍ സ്ഥലം അടിയന്തരമായി ഏറ്റെടുത്താലേ അന്താരാഷ്​ട്ര നിയമപ്രകാരമുള്ള സ്ട്രിപ്​ സജ്ജമാക്കാനാകൂ. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ് വിമാനത്താവളം അദാനിക്ക് തീറെഴുതി നല്‍കിയത്. പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ എത്രത്തോളം മിനക്കെടുമെന്നത് കണ്ടറിയണം. ഇതിനു പുറമെ ടൈറ്റാനിയം ഫാക്ടറിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചിമ്മിനി ലാന്‍ഡിങ്ങിന്​ പ്രധാന തടസ്സമെന്നും ഇതി​ൻെറ ഉയരം കുറക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യമുന്നയിച്ചിരുന്നു. ഇതിന് സര്‍ക്കാര്‍ ആദ്യം പച്ചക്കൊടി കാട്ടിയെങ്കിലും ഇനി അതിനുള്ള സാധ്യത കുറവാണ്. നിലവില്‍ വിമാനത്താവളത്തിലെ ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ ചാക്കയിലും ശംഖുംമുഖത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് യാത്രക്കാര്‍ക്കും എയര്‍പോര്‍ട്ട് സുരക്ഷക്കും ഒരുപോലെ ബുദ്ധിമുട്ടായതിനെ തുടര്‍ന്നാണ് രണ്ട് ടെര്‍മിനലുകളെയും ഒരിടത്താക്കാനായി എയര്‍പോര്‍ട്ട് അതോറിറ്റി ഇൻറഗ്രേറ്റഡ് ടെര്‍മിനല്‍ പദ്ധതിക്ക് രൂപം നല്‍കുകയും വള്ളക്കടവ് വയ്യാമൂലയില്‍ നിന്ന്​ 171 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് 18 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാനുള്ള നടപടികള്‍ നടത്തുകയും ചെയ്​തത്​. ഇത്​ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ്​ വിമാനത്താവളം കൈമാറ്റം നടന്നത്. സ്വകാര്യവത്​കരിക്കുന്ന വിമാനത്താവളത്തിന് ഇനി ഒരു തുണ്ടുഭൂമി പോലും വിട്ടുകൊടുക്കി​ല്ലെന്ന നിലപാട് നാട്ടുകാര്‍ കഴിഞ്ഞ ദിവസം എടുക്കുകയും ചെയ്തു. സ്വകാര്യവത്​കരിക്കുന്ന വിമാനത്താവളങ്ങളില്‍ പരസ്യത്തിലൂടെയും റിയല്‍ എസ്​റ്റേറ്റ് വികസനത്തിലൂടെയുമാണ് നടത്തിപ്പുകാര്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തി​ൻെറ വികസനത്തിനായി മുടക്കുന്ന കോടികള്‍ തിരിച്ചുപിടിക്കുകയെന്നത് ഇൗ സാഹചര്യത്തില്‍ അദാനിക്ക് വെല്ലുവിളിയായിരിക്കും. നിലവില്‍ 628.70 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം. അതേസമയം ബംഗളൂരു വിമാനത്താവളത്തിന് 5200, നെടുമ്പാശ്ശേരിയില്‍ 1300, കണ്ണൂരില്‍ 3200 ഏക്കര്‍ വീതം സ്ഥലമാണുള്ളത്. അതിനാല്‍ പണമുണ്ടാക്കാനുള്ള റിയല്‍ എസ്​റ്റേറ്റ്, വികസന സംരംഭങ്ങള്‍ക്ക് തലസ്ഥാനത്തി​ൻെറ റണ്‍വേയില്‍ ഭൂമി കുറവാണ്. 50 വര്‍ഷത്തേക്ക് വിമാനത്താവളവും ഭൂമിയും കൈയിലുള്ളതിനാല്‍ വാണിജ്യ-പരസ്യ മാര്‍ഗത്തിലൂടെ വരുമാനം വർധിപ്പിക്കാമെന്ന്​ വിചാരിച്ചാല്‍ സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണം കിട്ടുകയെന്നത് എറെ ശ്രമകരവുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.