മഴക്കെടുതി; സുഭിക്ഷകേരളം പദ്ധതിക്ക് തിരിച്ചടി

148 കോടിയുടെ മൊത്തം അടങ്കൽവരുന്ന തുകക്കുള്ള പദ്ധതികളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്തിരുന്നത് കൊല്ലം: മൂന്ന് ദിവസമായി പെയ്ത കനത്തമഴ ജില്ലയിലെ സുഭക്ഷ കേരളം പദ്ധതിക്ക് തിരിച്ചടിയായി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 148 കോടിയുടെ മൊത്തം അടങ്കൽവരുന്ന തുകക്കുള്ള പദ്ധതികളാണ് ഉൽപാദനമേഖലയിൽ ഏറ്റെടുത്തത്. കാർഷികമേഖല, മൃഗസംരക്ഷണം, മത്സ്യം വളർത്തൽ തുടങ്ങിയ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കാണ് രൂപം നൽകിയിരുന്നത്. പല സ്ഥലങ്ങളിലും പദ്ധതി മുഖേനയുള്ള പ്രവൃത്തികൾ ആരംഭിച്ചിരുന്നു. കാർഷിക മേഖലക്കാണ് കനത്ത ആഘാതമുണ്ടായത്. വെള്ളക്കെട്ടും ഇടവിട്ടുള്ള മഴയും വ്യാപക കൃഷിനാശത്തിനിടയാക്കി. തിങ്കളാഴ്ചവരെ 20 ലക്ഷം രൂപയുടെ നഷ്്ടമാണ് ജില്ലയിൽ കണക്കാക്കിയത്. കാർഷിക മേഖലയിലെ നഷ്​ടം കണക്കാക്കുന്നതേയുള്ളൂ. വൻതോതിൽ വാഴയും മറ്റ് പച്ചക്കറികളും നശിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ കനത്തമഴക്ക് ശമനം വന്നെങ്കിലും കൃഷിയിടങ്ങളിലെ വെള്ളം ഒഴിഞ്ഞുപോകാൻ സമയമെടുക്കും. ജില്ലയില്‍ കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയ 1909.36 ഹെക്ടര്‍ തരിശുഭൂമിയില്‍ 1577.13 ഹെക്ടറില്‍ വിവിധ കൃഷി ചെയ്യുന്നതിനുള്ള പ്രോജക്ടുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിരുന്നു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഏകദേശം 2500 കിസാന്‍ ക്രെഡിറ്റ് കാര്‍ഡും അനുവദിച്ചിരുന്നു. ഒരുകോടി ഫലവൃക്ഷത്തൈ വിതരണത്തിൻെറ ഒന്നാം ഘട്ടമായി നാലു ലക്ഷത്തില്‍പരം തൈ വിതരണവും ജില്ലയിൽ പൂർത്തിയാക്കിയിരുന്നു. പദ്ധതികൾ നല്ലരീതിയിൽ നടക്കവെയാണ് കനത്തമഴ നാശം വിതച്ചത്. ഇത് ചില മേഖലകളിൽ പദ്ധതിയുടെ പിറകോട്ടടിക്ക് കാരണമാകും. കൃഷി നശിച്ചവർക്ക് അടിയന്തരമായി നഷ്്ടപരിഹാരം അനുവദിക്കണമെന്നും തുടർകൃഷി മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടിയെടുക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.