നിയന്ത്രണങ്ങൾ കാറ്റിൽപറത്തി പുല്ലുവിളയിൽ ജനം തെരുവിലിറങ്ങി

വിഴിഞ്ഞം: സമൂഹവ്യാപനം കണ്ടെത്തിയ പുല്ലുവിളയിലെ ജനം നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപറത്തി തെരുവിലിറങ്ങി. സ്ത്രീകളും, കുട്ടികളും പുരുഷന്മാരുമടങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അധികൃതർ മണിക്കൂറുകൾ പാടുപെട്ടു. റോഡുകൾ അടച്ച് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ എടുത്തെറിഞ്ഞും പൊലീസിനെയും ആരോഗ്യവകുപ്പധികൃതരെയും വെല്ലുവിളിച്ച ജനക്കൂട്ടം രാവിലെ മുതൽ വൈകുന്നേരം വരെ റോഡ് കൈയടക്കി. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇല്ലാതാക്കുക, സ്വതന്ത്രമീൻ പിടിത്തം അനുവദിക്കുക, പുറത്തുകൊണ്ടുപോയുള്ള മീൻ വിൽപന അനുവദിക്കുക, പൊലീസി​ൻെറ നിയന്ത്രണങ്ങൾ ഇല്ലാതാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് മുന്നറിയിപ്പില്ലാതെ ജനം രംഗത്തെത്തിയത്. പിന്നിൽ ചിലതൽപര വ്യക്തികളുടെ പിന്തുണയുണ്ടായിരുന്നതായും ആരോപണമുയർന്നു. സമൂഹവ്യാപനം കണ്ടെത്തിയതോടെ തീരദേശത്തെ രോഗം തടയാൻ സർക്കാർ രൂപവത്​കരിച്ച മൂന്നാമത്തെ ക്ലസ്​റ്ററിൽ ഉൾപ്പെട്ട വിഴിഞ്ഞം മുതൽ ഊരമ്പ് വരെയുള്ള മേഖലയിൽ നിരീക്ഷണത്തിനായി നിയോഗിച്ച ഉന്നതാധികാരികളുടെ സന്ദർശനം ഇന്നലെ രാവിലെ നടന്നിരുന്നു. ഇതി​ൻെറ ഭാഗമായി കടകളിൽ വന്നിരുന്ന ആൾക്കാരെ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് ഇടപെട്ടു. നിയന്ത്രണങ്ങൾക്കായി രാവിലെ പതിനൊന്നിന് കടകൾ അടക്കാനും നിർദേശമുണ്ടായി. സന്ദർശനം കഴിഞ്ഞ് ഉന്നതസംഘം പോയതിന് ശേഷമാണ് ജനം സംഘടിപ്പ് തെരുവിലിറങ്ങിയത്. ഏറെ നിയന്ത്രണമുള്ള മേഖലയിൽ മുന്നൂറിൽപരം ആൾക്കാർ തടിച്ച് കൂടിയതോടെ പൊലീസും അങ്കലാപ്പിലായി. അനുനയ ശ്രമങ്ങൾക്ക്​ ചെവികൊടുക്കാത്ത സംഘം മുദ്രാവാക്യങ്ങൾ മുഴക്കി റോഡ് കൈയടക്കി. വൈകുന്നേരത്തോടെ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ ചർച്ച നടത്തി താൽക്കാലിക പരിഹാരം കണ്ടു. ഇന്ന് തഹസിൽദാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മറ്റുനടപടികൾ കൈക്കൊള്ളുമെന്ന ഉറപ്പും അധികൃതർ നൽകി. Photo: vzm photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.