പിന്തിരിയാതെ കോവിഡ്​; തലസ്ഥാന ജില്ലയിൽ ആശങ്ക ഒഴിയുന്നില്ല

തിരുവനന്തപുരം: കോവിഡ് പ്രതിരോധം പൊലീസിൻെറ കൈയിലെത്തിയിട്ടും കോവിഡിനെ പൂട്ടാൻ കഴിയുന്നില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ച 219ൽ 193 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്നവരിൽ ആറുപേർക്കും ഉറവിടം വ്യക്തമല്ലാത്ത 19 പേർക്കും രോഗം സ്ഥിരീകരിച്ചു.സംസ്ഥാനത്തെ കോവിഡ് രോഗികളിൽ ഇന്നലെയും ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരത്തുനിന്നാണ്. കോവിഡ് ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച വൃദ്ധ വീട്ടിലെത്തി അരമണിക്കൂറിനകം മരണപ്പെട്ടു. മുട്ടത്തറ സ്വദേശി ദേവകിയാണ് (77) ഇന്നലെ മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ 137 പേർക്ക് രോഗം ഭേദമായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3177 ആയി. അഞ്ചുതെങ്ങിൽ ഇന്നലെ 440 പേരെ പരിശോധിച്ചതിൽ 108 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിലെ ഏഴ് ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ജീവനക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖ പൂട്ടി. പൂന്തുറ സ്​റ്റേഷൻ പരിധിയിൽ 144 പേരെ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയതിൽ 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. കരമന സ്​റ്റേഷൻ പരിധിയിൽ ഒമ്പതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുറ്റിച്ചൽ, പൗണ്ടുകടവ്, ഇടവ വെണ്‍കുളം, ഇ.എം.എസ്‌ കോളനി, കരിമഠം കോളനി, അഞ്ചുതെങ്ങ്, വള്ളക്കടവ്, ബാലരാമപുരം, വെങ്ങാനൂർ, പരശുവയ്ക്കൽ , കൊഞ്ചിറവിള, നെയ്യാർഡാം, മര്യനാട്, മണക്കാട്, അമ്പലത്തറ, വിഴിഞ്ഞം, ബദരിയ നഗര്‍, കഴക്കൂട്ടം തുടങ്ങി നഗരത്തിലെ നിരവധി സ്ഥലങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയിൽ പുതുതായി 1155 പേർ രോഗനിരീക്ഷണത്തിലായി. 615 പേർ നിരീക്ഷണകാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 14,791 പേർ വീടുകളിലും 804 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 314 പേരെ പ്രവേശിപ്പിച്ചു. 213 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2985 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 805 സാമ്പിളുകൾ പരിശോധനക്കയച്ചു. 768 പരിശോധനഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 804 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.