ബ്യൂട്ടീഷ്യൻ ട്രെയിനറായ യുവതിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു

(ചിത്രം) കൊട്ടിയം: ബ്യൂട്ടീഷ്യൻ ട്രെയിനറായ യുവതിയെ കാറിൽ കയറ്റി പാലക്കാട് മണലിയിലെ വാടകവീട്ടിൽ കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ കരുനാഗപ്പള്ളി എ.സി.പി ഗോപകുമാറിൻെറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് തൊടുവയിൽ വീട്ടിൽ പ്രശാന്ത് (33) ഇപ്പോഴും ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ്. മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ റിട്ട.ബി.എസ്.എൻ.എൽ എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷ്​മിയുടെയും ഏകമകളായ സുചിത്ര പിള്ളയെ (42) കൊലപ്പെടുത്തിയ കേസിലാണ് പ്രത്യേക അന്വേഷണസംഘം കൊല്ലം ജെ.എഫ്.എം.സി രണ്ട് മജിസ്ട്രേറ്റ്​ അരുൺകുമാർ മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ 29നാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടുന്നത്. കൊല്ലപ്പെട്ട സുചിത്രയുടെ കുടുംബസുഹൃത്തായ പ്രതി മാർച്ച് പതിനേഴിന് ബൈപാസ് റോഡിൽ കല്ലുംതാഴത്തുനിന്നാണ് സുചിത്രയെ കാറിൽ കയറ്റി പാലക്കാട് മണലിയിലെ വാടക വീട്ടിലേക്ക് കൊണ്ടുപോയത്. ഇരുപതിന് രാത്രി കേബിൾ വയർ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം അടുത്ത ദിവസം പെട്രോൾ ഉപയോഗിച്ച് മൃതദേഹം കത്തിക്കാൻ ശ്രമം നടത്തി. നടക്കാതെ വന്നതോടെ ശരീരം മുറിച്ച്​ വീടിന് പിറകിലെ ചതുപ്പിൽ കുഴിച്ചുമൂടി. ഏപ്രിൽ 29നാണ് മൃതദേഹം പുറത്തെടുത്തത്. സുചിത്രയുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലക്ക്​ കാരണമായത്. ബ്യൂട്ടീഷ്യൻ ട്രെയിനിങ്ങിനായി എറണാകുളത്തേക്ക് പോയ മകളെ കാണാനില്ലെന്നുകാട്ടി പിതാവ് മാർച്ച് പതിനേഴിന് കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. കാര്യമായ അന്വേഷണം നടക്കാതിരുന്നതിനെതുടർന്ന് പിതാവ് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകി. തുടർന്നാണ് സിറ്റി പൊലീസ് കമീഷണർ ഇടപെട്ട് ഏപ്രിൽ 27ന് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപിക്കുന്നത്. രണ്ടു ദിവസത്തിനകം പ്രതി പിടിയിലായി. ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന പ്രതി ഇതിനോടകം രണ്ടുതവണ ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ലഭിച്ചില്ല. സുചിത്രയുടെ കുടുംബത്തി​ൻെറ അഭ്യർഥന പ്രകാരം കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി മോഹൻരാജിനെ നിയമിക്കാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.